Mon. Dec 23rd, 2024
കോട്ടയം:

ഇക്കാലത്ത് കാശ്മീരിലേക്ക് യാത്ര പോകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ഒരുപാട് സ്ത്രീകൾ തനിച്ച് കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് യാത്ര ചെയ്യുന്നുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജലജ രതീഷും കാശ്മീരിലേക്ക് ഒരു സോളോ ട്രിപ്പ് നടത്തി.

അതിലെന്താണിത്ര പ്രത്യേകത എന്നാവും ചിന്തിക്കുക. എന്നാൽ അത് വെറുമൊരു യാത്രയല്ലായിരുന്നു. ജലജ കാശ്മീരിലേക്ക് പോയത് ചരക്ക് ലോറി ഓടിച്ചായിരുന്നു. അതും തനിച്ച്. 23 ദിവസം കൊണ്ടാണ് ജലജ തന്റെ സ്വപ്‌നയാത്ര സാധിച്ചത്.

മുണ്ടക്കയത്തിനടുത്ത് കോരുത്തോടാണ് ജലജയുടെ സ്വന്തം നാട്. വിവാഹത്തിന് ശേഷമാണ് വാഹനം ഓടിക്കാൻ തുടങ്ങിയത്. ഡ്രൈവിങ്ങിനോട് ചെറുപ്പം മുതൽ തന്നെ ഇഷ്ടമായിരുന്നെന്ന് ജലജ പറയുന്നു. ‘ഭർത്താവ് രതീഷും അനിയന്മാരുമെല്ലാം ഡ്രൈവർമാരാണ്.

ഇടക്ക് ലോറിയിലൊക്കെ കുടുംബത്തോടൊപ്പം മുംബൈയിലേക്കൊക്കെ പോകാറുണ്ട്. അത്തരമൊരു യാത്രയിലാണ് ലോറിയോടിക്കാൻ പഠിക്കണമെന്ന ആഗ്രഹം മനസിലേക്ക് വന്നത്. തുടർന്ന് ലൈസൻസ് എടുക്കുകയായിരുന്നു.

വിദേശത്തൊക്കെ നിരവധി സ്ത്രീകൾ ഹെവി വെഹിക്കിൾ ലൈസൻസൊക്കെ നേടി വാഹനം ഓടിക്കുന്നുണ്ട്. ഇന്ത്യയിലത് കുറവാണ്. മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകുക എന്നതും ഇതിന് പിന്നിലുണ്ടായിരുന്നെന്ന്’ ജലജ പറയുന്നു

‘കാശ്മീരിലേക്ക് പോകാൻ നേരത്തെ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കാശ്മീരിലേക്ക് ഒരു ലോഡ് കിട്ടുന്നത്. അത്ര ദൂരം യാത്ര ചെയ്തിട്ടും കൂടുതൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുദ്ധിമുട്ട് നേരിട്ടത് ബാത്‌റൂമിനായിരുന്നു.

മിക്കപ്പോഴും പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കാറ്. ചിലപ്പോൾ ധാബകളെയൊക്കെ ആശ്രയിക്കേണ്ടിവരും. ചിലയിടത്തൊന്നും വൃത്തികാണില്ല. ആളുകളുടെ അടുത്ത് നിന്നൊക്കെ വലിയ പിന്തുണയാണ് ലഭിച്ചത്.

ഇതിനൊക്കെ കുടുംബത്തിന്റെ വലിയ പിന്തുണയാണ് ലഭിക്കുന്നത്’ജലജ പറയുന്നു. ഡ്രൈവിങ് പഠിച്ചിട്ടും വാഹനം റോഡിലേക്കിറങ്ങാൻ മടിക്കുന്ന സ്ത്രീകളോട് ജലജക്ക് ഒന്നേ പറയാനൊള്ളൂ…’ധൈര്യമായി ഇറങ്ങുക…നിങ്ങൾക്കും സാധിക്കും’…