മൂന്നാർ:
സമ്പൂർണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിപ്രകാരം ഇടമലക്കുടി ഊരുകളിലേക്ക് ലൈൻ വലിക്കാൻ അനുമതിക്കായി വൈദ്യുതി ബോർഡ് കലക്ടർക്ക് അപേക്ഷ നൽകി. പഞ്ചായത്ത് കഴിഞ്ഞ ഡിസംബറിൽ ഇതിനായി മൂന്നാർ ഡിഎഫ്ഒയ്ക്കു നൽകിയ അപേക്ഷയിൽ തീരുമാനം ആകാത്തതിനെത്തുടർന്നാണ് വൈദ്യുതി വകുപ്പ് നേരിട്ട് കലക്ടറെ സമീപിച്ചത്. പഞ്ചായത്തിന്റെ പദ്ധതി ഫണ്ടിൽ നിന്ന് 42.88 ലക്ഷം രൂപയാണ് സമ്പൂർണ വൈദ്യുതീകരണത്തിനായി നീക്കിവച്ചിരിക്കുന്നത്.
അഞ്ച് വർഷം മുൻപ് പെട്ടിമുടിയിൽ നിന്ന് ഭൂഗർഭ കേബിളുകൾ വലിച്ച് അഞ്ച് ഊരുകളിൽ വൈദ്യുതി എത്തിച്ചിരുന്നു. മറ്റ് ഊരുകൾ വിദൂര മേഖലകളിലായതിനാൽ പദ്ധതി നടപ്പാക്കാനായിരുന്നില്ല. 1.3 കിലോമീറ്റർ എൽടി ത്രീഫെയ്സ് ലൈനും 5.7 കിലോമീറ്റർ എൽടി സിംഗിൾ ഫെയ്സ് ലൈനുമാണ് മറ്റ് കുടികളിലേക്ക് വൈദ്യുതി എത്തിക്കാൻ വേണ്ടത്.
ഇതിനുള്ള എസ്റ്റിമേറ്റ് ആണ് വൈദ്യുതി ബോർഡ് തയാറാക്കിയിരിക്കുന്നത്. വനമേഖലയാണെങ്കിലും തരിശായതും ചതുപ്പ് നിറഞ്ഞതുമായ പ്രദേശത്ത് കൂടിയാണ് ലൈൻ വലിക്കുന്നതെന്നതിനാൽ മരങ്ങൾ മുറിക്കേണ്ട ആവശ്യമില്ല. പിവിസി ഇൻസുലേറ്റ് ചെയ്ത കവറിങ് കണ്ടക്ടർ ഉപയോഗിക്കുന്നതിനാൽ വന്യമൃഗങ്ങൾക്കും ഭീഷണില്ല. ഇടമലക്കുടി പഞ്ചായത്തിൽ ഇനി 19 ഊരുകളിലാണ് വൈദ്യുതി എത്താനുള്ളത്.