ആലപ്പുഴ:
ജില്ലയുടെ തീരം സംരക്ഷിക്കൽ ലക്ഷ്യമിട്ട് സജ്ജമാക്കുന്ന പുലിമുട്ടുകളുടെ നിർമാണത്തിന് പാറ ക്ഷാമം തടസ്സമാകുന്നു. മഴക്ക് മുമ്പേ പണി പൂർത്തിയാക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഇതിന് കഴിയാത്ത സ്ഥിതിയാണ്. ജില്ലയിലെ 114 പുലിമുട്ടുകൾ പൂർത്തിയാക്കാൻ നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
പണികൾ 75 ശതമാനവും തീർന്നിരിക്കെയാണ് പാറ ക്ഷാമം ശേഷിച്ച പണികളെ ബാധിക്കുന്നത്. ടെട്രാപോഡുകളുടെ നിർമാണം പൂർത്തിയാകാറായെങ്കിലും അവക്കടിയിൽ നിരത്താൻ പാറയില്ലെന്നതാണ് പ്രശ്നം. 180 കോടിയിലേറെ രൂപ ചെലവിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് പുലിമുട്ടുകൾ നിർമിക്കുന്നത്.
വലിയ പാറകൾ അടുക്കിയ ശേഷം അവക്ക് മുകളിലും ചുറ്റും കവചമായി ടെട്രോപോഡുകള്‍ അടുക്കുന്നതാണ് പുലിമുട്ട് നിർമാണ രീതി. മൂന്നു കാലുകളുള്ള ടെട്രോപോഡിൽ തട്ടി തിരയുടെ ശക്തി കുറയും. തിരയുടെ ശക്തിയിൽ ചലനമുണ്ടായാലും നീങ്ങിപ്പോകില്ലെന്നതാണ് ടെട്രാപോഡുകളുടെ പ്രത്യേകത.
പുലിമുട്ടിന്റെ വശങ്ങളിൽ രണ്ട് ടണ്ണിന്റെയും അഞ്ച് ടണ്ണിന്റെയും ടെട്രോപോഡുകളാണ് അടുക്കുന്നത്.
തമിഴ്നാട്ടിൽനിന്ന് പാറ എത്തിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്ന് അധികൃതർ പറയുന്നു. അവിടെ പലയിടത്തും പാറ പൊട്ടിക്കുന്നതിന് പ്രാദേശികമായി എതിർപ്പുയർന്നതാണ് കുഴപ്പമായത്.
നിശ്ചിത വിലയിൽ അവിടെനിന്ന് പാറ എത്തിക്കുന്നത് നഷ്ടമാണെന്ന് ലോറിക്കാരും പറയുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ പുന്നപ്ര മുതൽ വളഞ്ഞവഴി വരെയും കോമന മുതൽ കാക്കാഴം വരെയും 3.2 കിലോമീറ്റർ ഭാഗത്തെ ജോലികളാണ് നടക്കുന്നത്. 60 കോടി ചെലവില്‍ പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചത്.
ഹരിപ്പാട് മണ്ഡലത്തിൽ ആറാട്ടുപുഴ, വട്ടച്ചാൽ, പതിയാങ്കര ഭാഗങ്ങളിലെ നിർമാണം നടക്കുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ കാട്ടൂരിൽ നിർമാണം അവസാന ഘട്ടത്തിലാണ്.
30 പുലിമുട്ടുകളുടെ പണി പൂർത്തിയായി. കാട്ടൂർ മുതൽ ഓമനപ്പുഴ വരെ 3.16 കിലോമീറ്റർ നീളത്തിൽ 34 പുലിമുട്ടുകളാണ് നിർമിക്കേണ്ടത്. ഇതോടൊപ്പം 345 മീറ്റർ കടൽഭിത്തിയുമുണ്ട്. ചെലവ് 49.90 കോടി. കോവിഡും പാറ ക്ഷാമവും കാരണം നിർമാണ കാലാവധി കഴിഞ്ഞും പണി നടക്കുകയാണ്. ജൂൺ 15നകം പൂർത്തിയാക്കാനാണ് ശ്രമം.