Wed. Nov 6th, 2024
കാസർകോട്:

നഗരത്തിലെ കടകളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് കലക്ടർ അറിയിച്ചു. അനിയന്ത്രിതമായ വിലവർദ്ധന പൊതുമാർക്കറ്റിൽ അനുവദിക്കാനാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

തുടർ ദിവസങ്ങളിലും ജില്ലയിൽ പരിശോധന വ്യാപകമാക്കും. പലവ്യഞ്ജന കടകൾ, പച്ചക്കറി കടകൾ, ഇറച്ചിക്കടകൾ, മത്സ്യമാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ടൗണിലെ ചില കടകളിൽ ഉള്ളിയ്ക്ക് 22 രൂപ, 26 രൂപ എന്നിങ്ങനെ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

അമിത വില കലക്ടർ കയ്യോടെ പിടികൂടി, കടയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫിസർക്ക്  ഉടൻ നിർദേശം നൽകി. പരിശോധന ശക്തമാക്കുന്നതിനായി എല്ലായിടങ്ങളിലും സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലാ സപ്ലൈ ഓഫിസർ കെ പി അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫിസർമാരായ കെ എൻ ബിന്ദു, സജികുമാർ, എം ജയപ്രകാശ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ എസ്ബിന്ദു, പി വി ശ്രീനിവാസ്, ടി രാധാകൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

താലൂക്ക് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന തുടർച്ചയായി നടത്താൻ കലക്ടർ ജില്ലാ സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. ഈസ്റ്റർ, റമസാൻ, വിഷു, ആഘോഷ വേളകളിൽ പൊതു കമ്പോളത്തിൽ അമിത വില വർധന കർശനമായി നിയന്ത്രിക്കുമെന്നും കലക്ടർ പറഞ്ഞു.ഈസ്റ്റർ, വിഷു, റമസാൻ എന്നിവ അടുത്ത സാഹചര്യത്തിൽ എല്ലാ കടകളിലും പരിശോധന കർശനമാക്കണമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി,ആർ അനിൽ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും പരിശോധന ആരംഭിച്ചത്.