Sat. Apr 27th, 2024
മുംബൈ:

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം എംഎൻഎസ് തലവൻ രാജ് താക്കറെ ഉയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഹനുമാന്‍ ഗീതങ്ങള്‍ കേള്‍പ്പിച്ച് പ്രവര്‍ത്തകര്‍.  ഗുഡി പാദുവ ദിന പ്രസംഗത്തിലാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടത്. നിരോധനത്തിന് മഹാരാഷ്ട്ര സർക്കാർ തയ്യാറായില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമാൻ ഗീതങ്ങൾ കേൾപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

പ്രാർത്ഥിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേൾപ്പിക്കേണ്ടതില്ലെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കല്യാണിലെ സായ് ചൗക്കിലുള്ള പാര്‍ട്ടി ഓഫീസിന്‍റെ മുന്നിലാണ് ഉച്ചഭാഷിണി ഉപയോഗിച്ച് എംഎൻഎസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ഗീതങ്ങള്‍ ഉറക്കെ കേള്‍പ്പിച്ചത്. കൂടാതെ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യവും ഉയര്‍ത്തി.

അതേസമയം, മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെ ആവശ്യത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ശിവസേന എംപി സഞ്ജയ് റൗട്ട്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അശോക് ചവാന്‍ എന്നിങ്ങനെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സ്പോണ്‍സര്‍ ചെയ്ത സ്ക്രിപ്റ്റിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് രാജ് താക്കറെയുടെ പരാമര്‍ശമെന്നാണ് സഞ്ജയ് റൗട്ട് തുറന്നടിച്ചത്.