Mon. Dec 23rd, 2024
കോഴിക്കോട്:

റെയിൽവേ മാതൃകയിൽ ബസ് ടിക്കറ്റുകളും ട്രാവൽ ഏജൻസികൾ വഴി ഓൺലൈനായി വിൽക്കാനൊരുങ്ങി കെഎസ്ആർടിസി. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും ടിക്കറ്റാണ് ട്രാവൽ ഏജൻസികളുടെ കൗണ്ടർ വഴി വിൽക്കാനൊരുങ്ങുന്നത്.കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളുടെ പരിസരപ്രദേശത്തോ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലോ സ്വന്തമായി ഓഫിസും കംപ്യൂട്ടർ അടക്കമുള്ള അനുബന്ധ ഉപകരണങ്ങളുമുള്ള ഏജൻസികൾക്കാണ് ഫ്രാഞ്ചൈസികൾ നൽകുക.

കെഎസ്ആർടിസി നൽകുന്ന ലോഗിൻ ഐഡിയും പാസ് വേഡുമുപയോഗിച്ച് സൈറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം. അഞ്ചു വർഷമായി ട്രാവൽ ബിസിനിസ് രംഗത്തുള്ളവർക്കാണ് അവസരം. ഒരു മാസം പരമാവധി  എത്ര രൂപയ്ക്ക് ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നതിന്റെ സമ്മതപത്രം സീൽ ചെയ്ത കവറിൽ കെഎസ്ആർടിസിക്ക് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

തുക മുൻകൂറായി അടച്ചാണ് ടിക്കറ്റ് വിൽപന നടത്തേണ്ടത്. അടിസ്ഥാനനിരക്കിന്റെ 4 %  കമ്മിഷനായി നൽകാനാണ് തീരുമാനം. എല്ലാ കെഎസ്ആർടിസി സ്റ്റാൻഡുകൾക്കു സമീപത്തും ടിക്കറ്റ് ബുക്കിങ് അനുവദിക്കും.

ഇതിനുപുറമെ നിലവിൽ തിരുവനന്തപുരം അരിസ്റ്റോ ജംക്‌ഷൻ, മെഡിക്കൽ കോളജ്, പാളയം, കഴക്കൂട്ടം, എറണാകുളം വൈറ്റില, ഹൈക്കോടതി എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികൾ അനുവദിക്കും. കേരളത്തിനു പുറത്ത് തിരുനൽവേലി, നാഗർകോവിൽ, മധുര, കോയമ്പത്തൂർ, മൈസൂരു, ബെംഗളൂരു, സേലം എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികൾ അനുവദിക്കും.