Sun. Nov 17th, 2024
ആലപ്പുഴ:

അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ മറുപടിയുമായി ഹോട്ടലുടമ. സാധാരണ മുട്ടറോസ്റ്റിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്റ്റെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേ‍ർത്താണ് ഉണ്ടാക്കുന്നതെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു.

മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എംഎല്‍എ കളക്ടര്‍ക്കു നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഹോട്ടലുടമ വിശദീകരണം നൽകിയത്. ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍ ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഭക്ഷണം കഴിക്കാനിരിക്കുന്ന ഓരോ മേശയിലും വിലയടക്കമുള്ള മെനു കാർഡ് വച്ചിട്ടുണ്ട്. ​ഗുണനിലവാരത്തിന് ആനുപാതികമായാണ് വില ഈടാക്കുന്നതെന്നും ഉടമ പറഞ്ഞു. 1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്കായും ചെലവുണ്ടെന്ന് വില വിവാദമായതോടെ ഹോട്ടൽ അധികൃത‍ർ പ്രതികരിച്ചിരുന്നു. വില നിലവാരം സംബന്ധിച്ച് കളക്ടര്‍ക്ക് ജില്ലാ സപ്ലൈഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.

‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല.. എന്നിങ്ങനെയാണ് എംഎൽഎ നൽകിയ പരാതി.

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപയാണ് എംഎൽഎയിൽ നിന്ന് കണിച്ചുകുളങ്ങരയിലെ ഹോട്ടൽ ഈടാക്കിയത്. ഇതോടെ ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് എംഎല്‍എ പരാതി നൽകിയത്.