അഹമ്മദാബാദ്:
ദില്ലിക്ക് പിന്നാലെ പഞ്ചാബിന്റെയും ഭരണം പിടിച്ചെടുക്കാനായ ആത്മവിശ്വാസത്തിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയിറങ്ങി ആംആദ്മി പാർട്ടി. 2022 അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന്റെ മുന്നോടിയായി ഗുജറാത്തിൽ ആംആദ്മി പാർട്ടി റാലി സംഘടിപ്പിച്ചു.
അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും റാലിയിൽ പങ്കെടുത്തു. താൻ ഇവിടെ വന്നത് ബിജെപിയെയോ കോൺഗ്രസിനെയോ തോൽപ്പിക്കാനല്ലെന്നും ഗുജറാത്തിനെയും ഗുജറാത്തികളെയും വിജയിപ്പിക്കാനാണെന്നും അഹമ്മദാബാദിൽ നടത്തിയ റോഡ്ഷോയിൽ കെജ്രിവാൾ പറഞ്ഞു.
“ഇരുപത്തിയഞ്ച് വർഷത്തെ ഭരണം ബിജെപിയെ അഹങ്കാരികളാക്കി, അവർ പൊതുജനങ്ങളെ ശ്രദ്ധിക്കുന്നില്ല. പഞ്ചാബിലെയും ദില്ലിയിലെയും ആളുകളെപ്പോലെ, എഎപിക്കും ഗുജറാത്തിൽ ഒരു അവസരം നൽകൂ, ജനങ്ങൾ മറ്റെല്ലാ പാർട്ടികളെയും മറക്കും..“ – കെജ്രിവാൾ പറഞ്ഞു.
നിക്കോളിലെ മാതാ ഖോഡിയാർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച റോഡ്‌ഷോ ബാപ്പുനഗറിൽ സമാപിച്ചു. നെറ്റിയിൽ തിലകം ചാർത്തിയ കെജ്‌രിവാളിന്റെ പ്രസംഗം ദേശസ്‌നേഹം നിറഞ്ഞതായിരുന്നു. കൂടാതെ “ദില്ലിയിൽ നിന്നും പഞ്ചാബിൽ നിന്നും അഴിമതി പിഴുതെറിയുന്നതിലെ പാർട്ടിയുടെ നേട്ടത്തെ” കെജ്രിവാൾ എടുത്തുപറഞ്ഞു.