ലോസ് ആഞ്ചലസ്:
ഓസ്കര് അവാർഡ് ദാന വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഓസ്കാർ അക്കാദമി അംഗത്വത്തിൽനിന്ന് രാജിവെച്ചു. ‘അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലെ അംഗത്വത്തിൽനിന്ന് ഞാൻ രാജിവെക്കുകയാണ്. ഉചിതമെന്ന് കരുതുന്ന കൂടുതൽ നടപടികൾ ബോർഡിന് സ്വീകരിക്കാം’ -വിൽ സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.
’94-ാമത് അക്കാദമി അവാർഡ്ദാന ചടങ്ങിൽ എന്റെ പ്രവർത്തനങ്ങൾ ഞെട്ടിപ്പിക്കുന്നതും വേദനാജനകവും ക്ഷമിക്കാനാകാത്തതുമാണ്. ഞാൻ വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്. അതിൽ ക്രിസ്, അവന്റെ കുടുംബം, എന്റെ പ്രിയ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും, ചടങ്ങിൽ സന്നിഹിതരായവർ, ആഗോള പ്രേക്ഷകർ എന്നിവരെല്ലാം ഉൾപ്പെടുന്നു.
ഞാൻ അക്കാദമിയുടെ വിശ്വാസത്തെ വഞ്ചിച്ചു. മറ്റ് നോമിനികൾക്കും വിജയികൾക്കും അവരുടെ അസാധാരണമായ പ്രവർത്തനത്തിന് ആഘോഷിക്കാനുമുള്ള അവസരമാണ് ഞാൻ നഷ്‌ടപ്പെടുത്തിയത്. എന്റെ ഹൃദയം തകർന്നിരിക്കുന്നു. അവരുടെ നേട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിനിമയിലെ സർഗ്ഗാത്മകതയെയും കലാപരതയെയും പിന്തുണക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവരാൻ അക്കാദമിയെ അനുവദിക്കണം’ -വിൽ സ്മിത്ത് പറഞ്ഞു.