Fri. Nov 22nd, 2024
ഗുജറാത്ത്:

കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം ലഭിച്ച ഒന്നാം വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ചത്.

ആയോധനകലയില്‍ ലഭിച്ച പരിശീലനം മോഷ്ടാക്കളുമായുള്ള മല്‍പ്പിടിത്തത്തില്‍ തനിക്ക് തുണയായെന്ന് റിയ പറയുന്നു. ആക്രമണത്തിൽ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛന്‍ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തായിരുന്നു.

അമ്മയും സഹോദരിയും ഉറക്കമായിരുന്നു. റിയ തന്‍റെ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞിരുന്ന് പഠിക്കുമ്പോഴാണ് കള്ളന്‍മാര്‍ റിയയുടെ വീട്ടില്‍ കയറുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയത് മാത്രമേ മോഷ്ടാക്കൾക്ക് ഓർമ്മയുള്ളൂ.

കള്ളന്മാർ വീട്ടിൽ കയറിയതും കറണ്ട് വന്നതും ഒരേ സമയത്തായിരുന്നു. ഇരുമ്പ് ദണ്ഡുമായി കള്ളന്‍ റിയയെ ആക്രമിച്ചു. എന്നാല്‍ മനസാന്നിധ്യം നഷ്ടപ്പെടാതെ റിയ കള്ളനെ ശക്തമായി നേരിടുകയായിരുന്നു.

അടി കൊണ്ട് വീഴുമെന്ന് മനസിലായതോടെ കള്ളന്‍റെ രക്ഷയ്ക്കായി മറ്റ് രണ്ട് കൂട്ടാളികളുമെത്തി. ഇവർക്കും പൊതിരെ തല്ലുകിട്ടി. അവസാനം ഇവര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. റിയ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊർജിതമാക്കി.