Wed. Jan 22nd, 2025
ചിറ്റാർ:

ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതി അണക്കെട്ടുകളുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായതായി സൂചന. അണക്കെട്ടുകളുടെ സംഭരണ ശേഷി സംബന്ധിച്ച്‌ പഠിക്കാൻ വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ്‌ കണ്ടെത്തൽ. പദ്ധതി കമ്മീഷൻ ചെയ്ത ശേഷം അണക്കെട്ടുകളുടെ സംഭരണ ശേഷി എത്ര മാത്രം കുറഞ്ഞു എന്ന് കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം.

റിപ്പോർട്ട് 4 മാസത്തിനുള്ളിൽ വൈദ്യുതി ബോർഡിനു കൈമാറും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലും സംഭരണിയിൽ ചെളിയും മണലും വന്നടിഞ്ഞതായാണ് നിഗമനം. 1967ൽ കമ്മിഷൻ ചെയ്ത ശബരിഗിരി പദ്ധതിയുടെ കൊച്ചു പമ്പാ സംഭരണിയിലും 1999ൽ കമ്മിഷൻ ചെയ്ത കക്കാട് പദ്ധതിയുടെ മൂഴിയാർ അണക്കെട്ടിലും സംഭരണ ശേഷിയിൽ കാതലായ കുറവ് വന്നതായാണ് നിഗമനം.

200 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന കൊച്ചുപമ്പ സംഭരണിയിൽ ഏകദേശം 39 ദശലക്ഷം ഘനമീറ്റർ വെള്ളവും മൂഴിയാറിൽ ഏകദേശം 1.5 ദശലക്ഷം ഘനമീറ്റർ വെള്ളവുമാണ് സംഭരിക്കാൻ കഴിയുന്നത്. കാലവർഷ സമയത്ത് കൂടുതൽ സമയം അണക്കെട്ടുകൾ തുറന്നു വിടേണ്ട സാഹചര്യവും വന്നിരുന്നു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് സംഭരണ ശേഷി കുറവ് വന്നോ എന്ന് പഠിക്കാൻ വൈദ്യുതി ബോർഡ് തയ്യാറായത്.

ഡിപ്പ് പദ്ധതിയുടെ ഭാഗമായി അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂഴിയാർ, കൊച്ചു പമ്പ എന്നീ അണക്കെട്ടുകളുടെ ജല സംഭരണികളിലാണ് സർവേ നടന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കരാർ എടുത്തത്. ഹൈഡ്രോഗ്രാഫിക്ക് സർവേ സംവിധാനത്തിലൂടെയാണ് സംഭരണ ശേഷിയുടെ അളവ് നിശ്ചയിക്കുന്നത്.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ അടങ്ങിയ പ്രത്യേക ബോട്ടിൽ സംഭരണിയിൽ സഞ്ചരിച്ചാണ് സർവേ ചെയ്തത്. വേനലിനെ തുടർന്ന് പമ്പ അണക്കെട്ടിൽ നിലവിൽ ജലനിരപ്പ് വളരെ കുറവാണ്. സർവേ നടപടികൾ തടസപ്പെടാതിരിക്കാൻ ഡിസംബർ മുതൽ പമ്പ ഐസി ടണലിന്റെ ഷട്ടറുകൾ അടച്ച് കക്കിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞിരിക്കുകയായിരുന്നു.

സർവേ പൂർത്തിയായതോടെ വരും ദിവസം ഐസി ടണലിന്റെ ഷട്ടറുകൾ ഉയർത്തും. അണക്കെട്ട് സുരക്ഷാ വിഭാഗം ചീഫ് എൻജിനീയർ എസ് സുപ്രിയ, കക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സർവേ നടപടികൾക്കായി സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.