Fri. Nov 22nd, 2024

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ കൂളായി കളിച്ച് ടീമിന് വിജയം സമ്മാനിച്ച ദിനേഷ് കാർത്തികിനെ പുകഴ്ത്തി ഫാഫ് ഡു പ്ലെസിസ്. അവസാന അഞ്ച് ഓവറിൽ ഡികെ ധോണിയോളം കൂളാണെന്നാണ് ബാംഗ്ലൂർ ക്യാപ്റ്റൻ കാർത്തികിനെ പുകഴ്ത്തിയത്. കൊൽക്കത്തക്കെതിരെ വിജയിക്കാൻ അവസാന ഓവറിൽ ഏഴു റൺസ് വേണ്ടിയിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന കാർത്തിക് ആദ്യ രണ്ടു പന്തുകളിലായി ഒരു സിക്‌സും ഫോറുമടിച്ച് ടീമിനെ വിജയിപ്പിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്‌സിനായി നിരവധി കാലം കളിച്ച ഡു പ്ലെസിസ് താരത്തെ പുകഴ്ത്തിയത്. ‘ഡികെയുടെ പരിചയസമ്പന്നതയും മനസാന്നിധ്യവും മത്സരാവസാനത്തിൽ തുണയായി. റൺലക്ഷ്യം അത്ര അകലെയായിരുന്നില്ല.

അവസാന അഞ്ച് ഓവറുകളിൽ അദ്ദേഹം എം എസ് ധോണിയെ പോലെ കൂളായിരുന്നു’ ഫാഫ് ഡു പ്ലെസിസ് മത്സരം വിലയിരുത്തവേ വ്യക്തമാക്കി.”നവി മുംബൈയിലെ ഡോ ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തക്കെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റിനാണ് വിജയിച്ചിരുന്നത്. അത്യന്തം നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ വിജയ സാധ്യത മാറിമറിഞ്ഞെങ്കിലും അവസാന ചിരി ബാംഗ്ലൂരിന്റേതായി.

ചെറിയ സ്‌കോറിൽ കൊൽക്കത്തയെ പുറത്താക്കിയപ്പോൾ എത്ര ഓവറിൽ കളി ജയിക്കുമെന്ന് മാത്രമായിരുന്നു ബാംഗ്ലൂർ ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ബാംഗ്ലൂരിന്റെ കണക്കൂകൂട്ടൽ അത്ര വേഗം ശരിയാകില്ലെന്ന് കൊൽക്കത്ത തെളിയിച്ചു. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം ഉണ്ടായിരുന്നപ്പോഴായിരുന്നു ബാംഗ്ലൂരിന് ഉമേഷ് യാദവിന്റെ വക ആദ്യ പ്രഹരമേറ്റത്. ഓപ്പണറായ അനുജ് റാവത്ത് പുറത്ത്. ടീം സ്‌കോർ 1/1 . 128 ന് പുറത്തായ കൊൽക്കത്തയെ സംബന്ധിച്ച് ബാംഗ്ലൂരിനെ തുടക്കത്തിലേ പ്രതിരോധിക്കാൻ ലഭിച്ച അവസരം അവർ നന്നായി മുതലെടുത്തു.