Sun. Dec 22nd, 2024
ലണ്ടന്‍:

ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റസ്റ്റോറന്റിനുള്ളില്‍ വെച്ചാണ് മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന കേരളത്തില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സോന ബിജുവിനെതിരെയാണ് ആക്രമണുണ്ടായത്. സംഭവത്തില്‍ 23 കാരനായ ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. ശ്രീറാം അംബര്‍ള എന്ന യുവാവാണ് പൊലീസ് പിടിയിലായത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇയാളെ തെംസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 25 വരെ കസ്റ്റഡിയില്‍ വിട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം.

റസ്റ്റോറന്റില്‍ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് ആക്രമിച്ചത്.