Sat. Jan 18th, 2025
ന്യൂഡൽഹി:

റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ചത്തെ കളക്ഷൻ റെക്കോർഡിൽ വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസിനെ മറികടന്ന് എസ് എസ് രാജമൗലിയുടെ ആർ ആർ ആർ. ഹിന്ദി ബെൽറ്റിലും ആർ ആർ ആർ വലിയ തരംഗമുണ്ടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റിലീസ് ചെയ്തതതിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച 14.5 കോടിയായിരുന്നു കശ്മീർ ഫയൽസിന്റെ കലക്ഷൻ. എന്നാൽ, 18 കോടി രൂപയാണ് ആർ ആർ ആർ നേടിയത്.

ഒരു തെലുങ്ക് സിനിമ നേടുന്ന ഏറ്റവും വലിയ നേട്ടമാണ് ആർ ആർ ആറിന് ഉണ്ടായിരിക്കുന്നത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ബോളിവുഡിൽ നിന്നുവരെ അഭിനന്ദനം ലഭിച്ചിരുന്നു. കരൺ ജോഹർ ഉൾപ്പടെയുള്ളവർ സിനിമയേയും രാജമൗലിയേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

തെലുഗു സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ ടി ആറും നായകൻമാരായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം 257.15 കോടി രൂപയാണ് വാരിയത്. രാജമൗലിയു​ടെ തന്നെ ബാഹുബലി-2 വിന്റെ (224 കോടി രൂപ) കളക്ഷൻ റെക്കോഡുകൾ ആർ ആർ ആർ തകർത്തതായുളള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.