Mon. Dec 23rd, 2024
പെരിയ:

പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് കരുതിയ ഇരിയ കാഞ്ഞിരടുക്കത്തെ വ്യാപാരിക്ക് ഒരു രൂപ പോലും കുറയാതെ തിരിച്ച് കിട്ടിയത് രവീന്ദ്ര യാദവ് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നല്ല മനസിലാണ്‌. രവീന്ദ്ര യാദവ് റോഡുപണിക്കാരനാണ്. ഇപ്പോൾ പെരിയ ഒടയഞ്ചാൽ റോഡ് ടാർ പണിയെടുക്കുന്നു.

കഴിഞ്ഞ ദിവസം രവീന്ദ്ര യാദവ് കാഞ്ഞിരടുക്കത്തെ സിജു സെബാസ്റ്റ്യന്റെ കടയിലേക്ക്‌ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വന്നിരുന്നു. അതോടൊപ്പം നാട്ടിലുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ചെറിയ തുക ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. അതു ചെയ്‌തുകൊടുത്തു.

പിന്നീട്‌ രാത്രി വൈകി കച്ചവട ആവശ്യത്തിനായി സിജു അയച്ച വലിയ തുക രവീന്ദ്ര യാദവിന്റെ സുഹൃത്തിന്റെ നമ്പറിലേക്ക്‌ ട്രാൻസ്‌ഫറായി. തൊട്ടുമുമ്പയച്ച എക്കൗണ്ടിലേക്ക്‌ മാറി പോയതായിരുന്നു. ആകെ ബേജറായ സിജു, രാവീന്ദ്ര യാദവിനെ അന്വേഷിച്ച്‌ കണ്ടുപിടിച്ചു. അറിയാവുന്ന ഹിന്ദിയിൽ സിജു കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു.

പണം മാറി അയച്ചതായി രവീന്ദ്ര യാദവിന് മനസിലായി. ഉടനെ അദ്ദേഹം സുഹൃത്തിനെ വിളിക്കുകയും പണം അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ടെന്നു ഉറപ്പിക്കുകയും ചെയ്തു. സുഹൃത്ത്‌ ഉടനെ ടാർ ജോലിക്ക് ഇവിടെ വരുമെന്നും അപ്പോൾ പണം നൽകാമെന്നും പറഞ്ഞതിനാൽ സിജു തിരിച്ചുപോയി.

പണം തിരിച്ചുകിട്ടുമോ എന്ന സംശയത്തിലായിരുന്ന സിജുവിനെ അത്ഭുതപ്പെടുത്തി, പിറ്റേന്ന്‌ തന്നെ ടാർ ജോലിക്ക് ശേഷം രവീന്ദ്ര യാദവ് സിജുവിന്റെ സ്ഥാപനത്തിൽ എത്തി മുഴുവൻ തുകയും നൽകി.
‘‘നിങ്ങൾക്ക് അത്യാവശ്യമാണെന്ന് പറഞ്ഞതിനാലാണ്‌ പണം ഇപ്പോൾ സംഘടിപ്പിച്ച് തരുന്നത്. സുഹൃത്ത് ഇവിടെ പണിക്ക് വരുന്ന സമയത്ത് ഞാൻ അവനോട് വാങ്ങിക്കോളാം’’–രവീന്ദ്ര യാദവ് പറഞ്ഞു.