Fri. Nov 22nd, 2024
പൊന്നാനി:

ഭാരതപ്പുഴയിൽ കാടുകയറുകയാണ്. വലിയ മരങ്ങൾ, തുരുത്തുകൾ, പുൽക്കാടുകൾ.. അങ്ങനെ പുഴ പുഴയല്ലാതാവുകയാണ്.  പൊന്നാനി കർമ റോഡരികിൽ വൻതോതിലുള്ള പുഴയോരം കാടുമൂടി. വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ തിട്ട പറമ്പാവുകയും തൊട്ടുപിന്നാലെ മരങ്ങൾ മുളച്ച് കാടുകയറുകയുമാണ്.

പുഴയുടെ മധ്യത്തിൽ 3 പതിറ്റാണ്ടിനിടെ രൂപപ്പെട്ട വൻ തുരുത്തുകളും ചങ്ങണക്കാടുകളുമുണ്ട്. പുഴ മധ്യത്തിലും വൻ മരങ്ങൾ വളർന്നു കഴിഞ്ഞു. 2 പ്രളയങ്ങൾ കഴിഞ്ഞപ്പോഴും പുഴയിലെ മണൽ തുരുത്ത് നീക്കം ചെയ്യാൻ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു.

പ്രളയം പുഴയോര ഭാഗങ്ങളെ കാര്യമായി ബാധിച്ചതിന്റെ പ്രധാന കാരണം മണൽ തിട്ടകളും ചങ്ങണക്കാടുകൾ രൂപപ്പെട്ടതാണെന്നും അമിതമായി ഒഴുകിയെത്തിയ വെള്ളം ഉൾക്കൊള്ളാൻ പുഴയിൽ ഇടമില്ലെന്നുമായിരുന്നു പഠനങ്ങൾ. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പുഴ മധ്യത്തിലേതടക്കം തുരുത്തുകൾ നീക്കം ചെയ്യാൻ വൻ പദ്ധതി തയാറാക്കാൻ സർക്കാർ ആലോചന തുടങ്ങിയിരുന്നതാണ്. എന്നാൽ, യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

മീൻ‌പിടിത്ത യാനങ്ങൾക്കു വരെ ഭീഷണിയായാണ് പുഴയിൽ മണൽ തിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്. പുഴയിൽ പരമ്പരാഗത വള്ളങ്ങൾ കാര്യമായ മീൻ‌പിടിത്തം നടത്തിയിരുന്നെങ്കിലും മണൽ തിട്ട ഭയന്ന് എൻജിൻ വള്ളങ്ങളൊന്നും ഈ ഭാഗത്തേക്ക് അടുക്കാതായി. ഇനിയുമൊരു പ്രളയ സമാന സാഹചര്യങ്ങളുണ്ടായാൽ അതിനെ അതിജീവിക്കാനുള്ള മുൻകരുതലുകളൊന്നും തീരത്ത് ഇല്ലെന്ന സ്ഥിതിയാണ്.