Mon. Dec 23rd, 2024
വെളിയങ്കോട്:

അധികൃതർ കൈയൊഴിഞ്ഞെങ്കിലും, ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമയിൽ വെളിയങ്കോട് പൂക്കൈതക്കടവ് ചീർപ്പ് പാലം പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്നുനൽകി. വർഷങ്ങളോളം യാത്രാപ്രയാസം നേരിട്ടതിനെത്തുടർന്നാണ് പാലം നിർമിക്കാൻ നാട്ടുകാർതന്നെ രംഗത്തിറങ്ങിയത്. വെളിയങ്കോട് താവളക്കുളം, പൂക്കൈതക്കടവ് മേഖലകളിലുള്ളവർക്ക് തൊട്ടടുത്ത മാറഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കെത്താനുള്ള എളുപ്പമാർഗമായ വെളിയങ്കോട് ചീർപ്പ് പാലമാണ് അധികൃതരുടെ അവഗണന കാരണം വർഷങ്ങളായി തകർന്നുകിടന്നിരുന്നത്.

കനോലി കനാലിന് കുറുകെയുള്ള പാലമായതിനാൽ ഫണ്ട് അനുവദിക്കാനുള്ള പ്രയാസമാണ് ഇവിടെ പാലം നിർമിക്കാൻ തടസ്സമായത്. ഇതിനിടെ കനോലി കനാൽ നവീകരണ പ്രവൃത്തികൾ നടന്നതോടെ മറുകരയിലെത്താനുള്ള മാർഗമടഞ്ഞു. കനോലി കനാലിൽ ഈ ഭാഗത്തെ നവീകരണ പ്രവൃത്തികൾ പൂർത്തിയായതോടെയാണ് പാലം നിർമിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയത്.

തെങ്ങിൻതടികളും കവുങ്ങിൻതടികളും മരപ്പലകകളും ഉപയോഗിച്ച് നിർമിച്ച പാലം പുനർനിർമാണം കഴിഞ്ഞ് ഒരുവർഷത്തിനകം തകർന്നിരുന്നു. ഇരുചക്രവാഹനങ്ങളുൾപ്പെടെ കടന്നുപോകുന്ന മരപ്പാലത്തിൽനിന്ന് വീണ് മുമ്പ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാലം തകർച്ച നേരിടുമ്പോൾ പ്രദേശവാസികൾ മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്ത് അധികൃതരെ സമീപിക്കാറുണ്ടെങ്കിലും നിരാശയാണ് ഫലം.

പിന്നീട് നാട്ടുകാർ പണം പിരിച്ചാണ് പാലത്തിന്‍റെ പുനർനിർമാണം നടത്തിവരുന്നത്. രണ്ടുവർഷം മുമ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന് ചുണ്ടൻ വള്ളങ്ങൾ എത്തിക്കുന്നതിനുവേണ്ടി പൊളിച്ചിട്ട ചീർപ്പ് പാലം പുനർനിർമിക്കുമെന്ന അധികൃതരുടെ വാക്ക് വെറുംവാക്കായി മാറിയതോടെ സ്വന്തം ചെലവിൽ വാർഡ് മെംബർ പാലം പുനർനിർമിച്ചെങ്കിലും ഈ പാലവും തകർന്നിരുന്നു. ഇതോടെയാണ് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് ജനകീയ പാലം നിർമിച്ചത്.

കോൺക്രീറ്റ് കാലും ഇരുമ്പും ഉപയോഗിച്ച് കൂടുതൽ ഉറപ്പേറിയ പാലമാണ് ഇപ്പോൾ നിർമിച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ പാലത്തിലൂടെ സുഗമമായി സഞ്ചരിക്കാനാകും. ജനകീയ കൂട്ടായ്മ അംഗങ്ങൾ തന്നെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. മുഹമ്മദ് മാനേരി ഉദ്ഘാടനം ചെയ്തു. വി.പി. അലി അധ്യക്ഷത വഹിച്ചു. അഡ്വ കെ എ ബക്കർ, നിഷാദ് വടശ്ശേരി, സുമിത രതീഷ്, റഷീദ് മണമ്മൽ, പിഎംഎ ജലീൽ, നാസർ ചൂലയിൽ, മജീദ് പുത്തൻപുരയിൽ, ഹംസത്ത് നാലകത്ത്, മുഹമ്മദ്, രതീഷ് എന്നിവർ നേതൃത്വം നൽകി.