Wed. Jan 22nd, 2025
അമേരിക്ക:

94-ാമത് അക്കാദമി പുരസ്കാര ​പ്രഖ്യാപനം പുരോഗമിക്കവേ മികച്ച നടനുള്ള ഓസ്കർ ഹോളിവുഡ് സൂപ്പർതാരമായ വിൽ സ്മിത്ത് സ്വന്തമാക്കി. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.

ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത കിങ് റിച്ചാർഡ് ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയായിരുന്നു വിൽ സ്മിത്ത് അവതരിപ്പിച്ചത്.

ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജെസിക്ക പുരസ്കാരം നേടിയത്. നേരത്തെ താരം മൂന്ന് തവണ ഓസ്കർ നോമിനേഷനും നേടിയിരുന്നു. ദ പവർ ഓഫ് ഡോഗ് സംവിധാനം ചെയ്ത ജേൻ കാംപിയനാണ് മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ‘കോഡ’ എന്ന ചിത്രം ഓസ്കറിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ‘കോഡ’യാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച തിരക്കഥ, മികച്ച സഹനടൻ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി.

കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സറാണ് മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്. ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു.

ലോസാഞ്ചലസിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര ചടങ്ങ് പുരോഗമിക്കുന്നത്. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്.

അമേരിക്കൻ സിയൻസ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‍കറുകളാണ് ഡ്യൂണിന് ലഭിച്ചത്.