Mon. Dec 23rd, 2024
കര്‍ണാടക:

കര്‍ണാടകയിലെ ഹുന്‍സൂരിലാണ് സംഭവം. ലക്ഷ്മണെ ഗൌഡ എന്നയാളാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. 24 വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ നടന്ന തട്ടിപ്പ് പൊളിയാന്‍ കാരണമായത് അടുത്തിടെ കുടുംബത്തിലുണ്ടായ സ്വത്തു തര്‍ക്കം.

24 വര്‍ഷം മുന്‍പ് ലക്ഷ്മണെ ഗൌഡയുടെ സഹോദരനായ ലോകേഷ് ഗൌഡയ്ക്കായിരുന്നു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിയമനം ലഭിച്ചത്. എന്നാല് നിയമന ഉത്തരവ് കൈപ്പറ്റുന്നതിന് മുന്‍പ് ലോകേഷ് ഗൌഡ മരിച്ചിരുന്നു. ഇതോടെയാണ് സഹോദരന്‍റെ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷ്മണെ സ്കൂളില്‍ ചേരുന്നത്. മൈസൂരിനടുത്ത പെരിയപട്ടണത്തെ മുദ്ദനഹള്ളിയിലും ഹുന്‍സൂരിന് സമീപത്തെ കട്ടേമാലാവന്ദി ഹൈ സ്കൂളിലുമായാണ് ഇയാള്‍ ലോകേഷ് എന്ന പേരില്‍ സേവനം ചെയ്തത്.

സംഭവങ്ങള്‍ വീട്ടുകാര്‍ക്ക് അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ഇത്രയും കാലം ആരും തന്നെ ആള്‍മാറാട്ടത്തേക്കുറിച്ച് ഒരു വാക്ക് സംസാരിച്ചില്ല. പ്രദേശവാസികള്‍ക്കും അയല്‍ക്കാര്‍ക്കും സംശയങ്ങള്‍ തോന്നിയെങ്കിലും പരാതികള്‍ രഹസ്യമായി ഒതുക്കി തീര്‍ക്കുകയായിരുന്നു.

എന്നാല്‍ 2019ല്‍ അധ്യാപകന്‍റെ ബന്ധുക്കളെയും ജീവിച്ചിരിക്കുന്ന ബന്ധുക്കളേയും കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിക്കുകയായിരുന്നു. വീട്ടിലുള്ള ആളുകളോട് മറ്റ് ബന്ധുക്കളേക്കുറിച്ചും ബന്ധം കൃത്യമായി വിശദമായി സംസാരിക്കാനും ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതി.

പരാതിയില്‍ അന്വേഷണം നടത്തിയ തഹസില്‍ദാരോട് അധ്യാപകന്‍റെ കുടുംബം സഹകരിക്കാതിരുന്നതോടെയാണ് കള്ളി വെളിച്ചത്തായത്. ഇതിനോടകം സമാനമായ പരാതി ലോകായുക്തയിലും എത്തിയിരുന്നു. തുടര്‍ന്ന് ഹുന്‍സൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 24 വര്‍ഷമായി നടത്തിയ ആള്‍മാറാട്ടം മറനീക്കി പുറത്ത് വന്നത്.