Wed. Nov 6th, 2024
ഗുരുവായൂർ:

പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്റ്ററിന് ഗുരുവായൂരിൽ പ്രത്യേക പൂജ നടത്തി.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാടിൽ ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പൂജ നടത്തിയത്. ഗുരുവായൂരപ്പൻ്റെ വലിയ ഭക്തനായ രവി പിള്ളയും കുടുംബവും ഇന്നലെ ഉച്ചതിരിഞ്ഞാണ് പുതിയ ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടിൽ ഇറങ്ങിയത്.

പൂജയ്ക്ക് ശേഷം ഗുരുവായൂരിൽ തങ്ങിയ രവിപിള്ളയും മകനും കുടുംബവും ഇതേ ഹെലികോപ്റ്ററിൽ ഇന്ന് രാവിലെ മടങ്ങിപ്പോയി. 100 കോടി വിലയുള്ള എയർബസ് കമ്പനിയുടെ അത്യാധുനികവും ആഡംബര സൗകര്യങ്ങളുമുള്ള എച്ച് 145 ചോപ്പർ എയർബസ് ആണ് രവിപിള്ള സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഈ ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് രവിപിള്ള.

കൊല്ലത്ത്  ഉപാസന ആശുപത്രിയുടെ 50ാം വാർഷികാഘോഷത്തിനെത്തിയ സൂപ്പർസ്റ്റാർ മോഹൻലാല്‍ എത്തിയത് ഈ ആഡംബര ഹെലികോപ്റ്ററിലായിരുന്നു. അഷ്ടമുടികായൽ തീരത്തെ ഹെലിപ്പാടിലാണ് എച്ച് 145 എയര്‍ ബസ് പറന്നിറങ്ങിയത്. ആർ പി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലെ കൊല്ലം ഉപാസന ആശുപത്രിയുടെ 50-ാം വാർഷികാഘോഷം ഉദ്ഘാടന ചടങ്ങ്  കേക്ക് മുറിച്ച് തുടക്കം കുറിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.

മോഹൻലാലും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വൈറലായതോടെ സാമൂഹികമാധ്യമങ്ങളിൽ ഈ ഹെലികോപ്റ്റർ താരമായി മാറിയിരുന്നു. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്.

കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145ന്‍റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക. അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകള്‍ അടക്കമുള്ളവയാണ് ഇവ.

അപകടം സംഭവിച്ചാല്‍ ഹെലികോപ്ടറില്‍ നിന്ന് ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഈ ഹെലികോപ്റ്ററിലുണ്ട്.