Fri. Nov 22nd, 2024
കായംകുളം:

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തുനിൽക്കവേ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു. പെട്ടെന്ന് ഓടി മാറിയതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഫാസ്റ്റ് പാസഞ്ചർ ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്താണ് സംഭവം.

ആദ്യം ദേഹത്തേക്ക് പൊടി  വീണു. ഇതിനു പിന്നാലെ കോൺക്രീറ്റ് പാളികൾ വീഴുകയായിരുന്നെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന പത്തിയൂർ സ്വദേശി ഡയാലിസിസ് ടെക്നീഷ്യനായ അജ്മൽ അമാൻ പറഞ്ഞു. 60 വർഷത്തിലേറെ പഴക്കമുള്ള സ്റ്റേഷൻ കെട്ടിടം ജീർണിച്ച് കോൺക്രീറ്റ്  മുഴുവൻ വിള്ളൽ വീണിരിക്കുകയാണ്.

മേൽക്കൂരയ്ക്കു മുകളിൽ ഷീറ്റ് സ്ഥാപിച്ച് ചോർച്ച തടഞ്ഞെങ്കിലും വിള്ളൽ വീണ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.കോൺക്രീറ്റ് മേൽക്കൂരയുടെ പല ഭാഗത്തും സിമന്റ് പാളികൾ അടർന്നുമാറി കമ്പി തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യം കോൺക്രീറ്റ് അടർന്നുവീണു.

ദിവസേന ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന സ്റ്റേഷനിലെ കെട്ടിടത്തിന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായിട്ടും കെഎസ്ആർടിസി പുനരുദ്ധാരണ നടപടികൾ സ്വീകരിക്കുന്നില്ല. സാമ്പത്തിക ഞെരുക്കത്തിലായ കെഎസ്ആർടിസിക്ക് സർക്കാർ സഹായം ലഭിച്ചാലേ സ്റ്റേഷൻ കെട്ടിടം പുനരുദ്ധരിക്കാൻ കഴിയൂ. കഴിഞ്ഞ രണ്ട് ബജറ്റുകളിലും പ്രാരംഭ വിഹിതമായി തുക മാറ്റിവച്ചെങ്കിലും നിർമാണത്തിനുള്ള പ്രാഥമിക നടപടി പോലും സ്വീകരിച്ചിട്ടില്ല.

ബസ് സ്റ്റേഷൻ കെട്ടിടം വാണിജ്യാടിസ്ഥാനത്തിൽ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് 2021–22 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണെന്ന് യു പ്രതിഭ എംഎൽഎയുടെ ഓഫിസ് അറിയിച്ചു. സബ്മിഷനായി വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കി എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് കെഎസ്ആർടിസിക്ക് സമർപ്പിച്ചിട്ടുണ്ട്.

കിഫ്ബിയിൽ നിന്ന് തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ ടോക്കൺ പ്രോവിഷനായാണ് തുക ഉൾക്കൊള്ളിച്ചിരിക്കുന്നത്.