Mon. Dec 23rd, 2024
പെരുവ:

പാടശേഖരത്തിൽ മണ്ണുമാന്തിയന്ത്രം കൊണ്ടു കുഴിയെടുത്ത് ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചു മൂടിയതായി പരിസരവാസികളുടെ പരാതി. ഇതു പരിസരവാസികൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ റവന്യു അധികൃതർക്കു പരാതി നൽകി. കഴിഞ്ഞ ദിവസമാണു മുളക്കുളം ഇടയാറ്റ് പാടത്ത് വൻതോതിൽ മാലിന്യങ്ങൾ ലോറിയിൽ എത്തിച്ച് വലിയ കുഴിയെടുത്ത് മൂടിയത്.

പല സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ചാക്കുകളും പ്ലാസ്റ്റിക് കവറുകളും ഓയിൽ ഫിൽറ്റർ തുടങ്ങി മണ്ണിൽ ലയിക്കാത്ത വസ്തുക്കളുമാണു പാടത്തു കുഴിച്ചുമൂടിയതെന്നു നാട്ടുകാർ വില്ലേജിൽ നൽകിയ പരാതിയിൽ പറയുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നു മാലിന്യങ്ങൾ കൊണ്ടുവന്നു തിരച്ചിൽ നടത്തി ഉപയോഗവസ്തുക്കൾ ശേഖരിക്കുന്ന പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമയാണ് ഇവിടെ മാലിന്യം കുഴിച്ചുമൂടിയത്. 50 ലോഡ് സാധനങ്ങൾ കുഴിച്ചുമൂടിയതായി പരാതിയിൽ പറയുന്നു.

കുഴിച്ചുമൂടിയ മാലിന്യത്തിൽ നിന്ന് ഓയിലും മറ്റും പാടത്തിനു സമീപമുള്ള കിണറുകളിലേക്ക് ഒഴുകിയെത്തി കിണറുകൾ മലിനമാകുമെന്നും ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പരിസരവാസിയായ കാരാമേൽ തറയിൽ റെജി കെ ജോൺ വില്ലേജിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ സമീപത്തെ കൃഷികൾക്കും ഇതു ദോഷകരമായി ബാധിക്കുമെന്നും മാലിന്യം നീക്കണമെന്നുമാണ് ആവശ്യം.