Mon. Dec 23rd, 2024

(കാശ്മീരിൽ നിന്നും സ്വയം പലായനം ചെയ്ത 23 കാശ്മീരി പണ്ഡിറ്റുകൾ, പലായനം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം കാശ്മീരി മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്ത്, കാശ്മീരിലെ അൽ സഫ പത്രത്തിൽ അച്ചടിച്ചുവന്നിരുന്നു. ബ്രിജ് നാഥ് ഭാൻ, എം എൽ ധർ, കെ എൽ കാവ്, കന്യാ ലാൽ റെയ്ന, ജി എൻ ദഫ്താരി, മോത്തി ലാൽ മാം, സി എൽ കാക്, ചുനി ലാൽ റെയ്ന, എം എൽ മുൻഷി, ബി എൻ ഗുഞ്ചു, അശോക് കൗൾ, സി എൽ പരിമൂ, പുഷ്കർ നാഥ് ഭട്ട്, പ്രേം നാഥ് ഖേർ, ആർ കെ കൗൾ, എം എൽ റസ്ദാൻ, പുഷ്കർ നാഥ് കൗൾ, ബി എൻ ഭട്ട്, മോത്തി ലാൽ കൗൾ, അശോക് ധർ, കമൽ റെയ്ന, എച്ച് കൗൾ & എസ്.എൻ ധർ എന്നീ പണ്ഡിറ്റുകളായിരുന്നു കത്തിൽ പേരെഴുതി ഒപ്പിട്ടിരുന്നത്. താഴ്വരയിലെ യഥാർത്ഥ പ്രശ്നവും, പലായനം ചെയ്യാനുള്ള കാരണവും വ്യക്തമാക്കിക്കൊണ്ട് കാശ്മീരി പണ്ഡിറ്റുകൾ എഴുതിയ ആ കത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷയാണിത്. )

പത്രാധിപൻ  

ജമ്മു അൽ സഫ 

22.09. 1990 ശ്രീനഗർ (കെഎംആർ)

ബഹുമാനപ്പെട്ട സർ, 

നിങ്ങളുടെ ദിനപത്രത്തിന്റെ കോളത്തിൽ കെ.എൽ കൗളിന്റെ കത്ത് പ്രസിദ്ധീകരിച്ചതിൽ ഈ കത്തെഴുതുന്ന ഞങ്ങളുടെയും ഞങ്ങളുടെ സമുദായത്തിലെ മറ്റു അംഗങ്ങളുടെയും പേരിലുള്ള അഗാധമായ നന്ദി അറിയിക്കുന്നു. 

ശ്രീ കൗൾ പ്രകടിപ്പിച്ച കാഴ്ചപ്പാടുകളും വികാരങ്ങളും ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജഗ്‌മോഹനും ഞങ്ങളുടെ സമുദായത്തിലെ ചില സ്വയം പ്രഖ്യാപിത നേതാക്കളും മറ്റ് നിക്ഷിപ്ത താത്പര്യക്കാരും ചേർന്ന് കശ്മീരി പണ്ഡിറ്റ് സമുദായത്തെ ബലിയാടാക്കി എന്നതിൽ തർക്കമില്ല. ബി ജെ പി, ആർ എസ് എസ്, ശിവസേന തുടങ്ങിയ ഹിന്ദു വർഗീയ സംഘടനകൾ സംസ്ഥാന ഭരണത്തിന്റെ ഒത്താശയോടെയാണ് ഈ നാടകം നടപ്പിലാക്കിയത്. അദ്വാനി, വാജ്‌പേയ്, മുഫ്തി, ജഗ്‌മോഹൻ എന്നിവർ മുഖ്യ പങ്ക് വഹിച്ച നാടകത്തിൽ, സംസ്ഥാന ഭരണകൂടത്തിന് കോമാളിയുടെ വേഷമായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യൻ സേന ഒരു വലിയ വിഭാഗം കാശ്‌മീരി മുസ്ലീങ്ങളെ, പ്രത്യേകിച്ച് 14-നും 25-നും ഇടയിൽ പ്രായമുള്ളവരെ കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നത് ഇപ്പോൾ പരസ്യമായ രഹസ്യമാണ്. അദ്വാനി, വാജ്‌പേയി, മുഫ്തി, ജഗ്‌മോഹൻ എന്നിവർ ചേർന്നാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. സത്യസന്ധവും വിശ്വാസയോഗ്യവുമായ സ്രോതസ്സുകളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് കാശ്മീരി പണ്ഡിറ്റുകളെ നാടുകടത്താനായിരുന്നു അവർ പദ്ധതിയിട്ടിരുന്നത്. ഇതിലൂടെ അധിനിവേശ ശക്തികൾക്കെതിരായ ബഹുജന പ്രക്ഷോഭത്തെ വർഗീയ ലഹളയായി ചിത്രീകരിക്കാനും മുസ്‌ലിംങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ വർഗീയതയ്‌ക്കെതിരായ പോരാട്ടമായും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയായും കാണിക്കാനായിരുന്നു ശ്രമം. ഈയൊരു സാഹചര്യത്തിലും വീക്ഷണത്തിലുമാണ് വിദേശ മാധ്യമ പ്രവർത്തകരോട് താഴ്വര വിട്ട് പോകാൻ പറഞ്ഞതും, പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും നമ്മൾ നോക്കി കാണേണ്ടത്. യഥാർത്ഥ പ്രശ്നത്തെക്കുറിച്ച് ലോക സമൂഹത്തെ അജ്ഞാതരാക്കുകയും അധിനിവേശ ശക്തികളുടെ ദുഷിച്ച ചിത്രം ലോകത്തിനു മുന്നിൽ നൽകാനുമായിരുന്നു അവരുടെ പദ്ധതി. 

രാഷ്ട്രീയക്കാരനായി മാറിയ സ്റ്റവ് മെക്കാനിക്കും, ഡോ. ഫാറൂഖ് അബ്ദുല്ലയുടെ കൂട്ടിക്കൊടുപ്പുകാരനുമായ എച്ച് എൻ ജാട്ടിന്റെ നേതൃത്വത്തിലുള്ള പണ്ഡിറ്റ് സമുദായത്തിലെ ചില സ്വയം പ്രഖ്യാപിത നേതാക്കൾ, പണ്ഡിറ്റുകളോട് താഴ്‌വരയിൽ നിന്നും കുടിയേറാൻ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയുടെ ഐക്യവും ധാർമികതയും സംരക്ഷിക്കാനും, നിലനിർത്താനും ഞങ്ങളുടെ കുടിയേറ്റം അനിവാര്യമാണെന്ന് അവർ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അഖണ്ഡഭാരതം എന്ന സ്വപ്നംസാക്ഷാത്കരിക്കുന്നതിന് ഞങ്ങളുടെ കുടിയേറ്റം വഴിയൊരുക്കുമെന്ന് അവർ ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പ്രാദേശിക മുസ്ലിങ്ങളുടെ സജീവ പിന്തുണയോടെ താഴ്വര പാകിസ്ഥാൻ കീഴടക്കാൻ പോകുകയാണെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നു. ഞങ്ങളുടെ കുടിയേറ്റം ഹിന്ദുമതത്തിനും ഇന്ത്യയെ ഒരുമിച്ച് നിലനിർത്തുന്നതിനും അനിവാര്യമാണെന്ന് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത് ഹിന്ദുവും മുസ്ലിമും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. അതുകൂടാതെ താഴ്വരയിലെ ജനങ്ങൾ നിശബ്ദരാവുകയും കീഴടങ്ങുകയും ചെയ്താലുടൻ ഞങ്ങളെ വീടുകളിലേക്ക് തിരിച്ചയക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ ദിവസം ഇനിയും വന്നെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അങ്ങനെയൊരു ദിവസം വന്നെത്തുമെന്ന പ്രതീക്ഷയും ഞങ്ങൾക്കില്ല. എല്ലാ ദൈവങ്ങളുടെയും ദേവതകളുടെയും പേരിൽ ഞങ്ങളെ നന്നായി പരിപാലിക്കുമെന്നും, ഞങ്ങൾ ആഗ്രഹിക്കുന്നതോ ആവശ്യപ്പെടുന്നതോ ആയ എന്തും നൽകുമെന്നും അവർ ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. അതേ സമയം ഞങ്ങൾ അവരുടെ ഉത്തരവുകൾ അനുസരിക്കുന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നില്ലെന്നും, പകരം സ്വാതന്ത്ര്യത്തിനും, ഓരോ മനുഷ്യന്റെയും ജന്മാവകാശമായ സ്വയം നിർണ്ണയാവകാശത്തിനുമായുള്ള പോരാട്ടമായിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴാണ് ഞങ്ങൾ ചതിക്കപ്പെട്ടതായി മനസ്സിലായത്. 

അൽ സഫ പത്രത്തിൽ അച്ചടിച്ചുവന്ന കാശ്മീരി പണ്ഡിറ്റുകളുടെ കത്ത്

ഞങ്ങൾ പലായനം ചെയ്തത് മുതൽ ഞങ്ങളുടെ സമുദായത്തിന് വേണ്ടി കരുതി വെച്ചിരിക്കുന്നതെല്ലാം ഇപ്പോൾ ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. പരിധികൾക്കപ്പുറത്തേക്ക് ഞങ്ങൾ ചൂഷണം ചെയ്യപ്പെട്ടു, ഇപ്പോൾ ഉള്ളത് പോലെ ഞങ്ങളുടെ ദുരിതങ്ങൾക്ക് അവസാനവുമുണ്ടാവില്ല. ഇപ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മറ്റാരുമല്ല ഉത്തരവാദികൾ, അത് ഞങ്ങൾ തന്നെയാണ്. ഞങ്ങൾ വിഡ്ഢികളായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങൾ വിഡ്ഢികളാകാൻ കൂടുതൽ തയ്യാറായിരുന്നു. ഹിന്ദു വർഗീയ സംഘടനകളും, ചില നേതാക്കന്മാരും, ജഗ്‌മോഹനും എല്ലാം ഇതിന്റെ ഭാഗമായെന്നു മാത്രം. ചരിത്രത്തിൽ ഞങ്ങളുടെ ഈ ബുദ്ധിശൂന്യമായ തീരുമാനം ദേശസ്നേഹമില്ലാത്തതും, ഞങ്ങളുടെ മണ്ടത്തരത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമായുമാവും രേഖപ്പെടുത്തുക. 

പ്രദേശവാസികൾ ഞങ്ങളെ അധിനിവേശക്കാരായിട്ടാണ് കാണുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഞങ്ങളെ പീഡിപ്പിക്കാനുള്ള ഒരു ശ്രമവും ഡോഗ്ര ഡങ്കാർസ് (പഞ്ചാബിനും കശ്മീരിനും ഇടയിലുള്ള ഡോഗ്ര ജില്ലയിലെ മലയോര നിവാസികളിൽ ഒരു വിഭാഗമാളുകൾ) നടത്തുന്നില്ലെങ്കിലും അവർ ഞങ്ങളെ പന്നികളും നായ്ക്കളുമായാണ് കണക്കാക്കുന്നത്. അവർ ഞങ്ങളെ ചൂഷണം ചെയ്യുന്നു, അവർക്ക് വേണ്ടി പണം കറക്കാനുള്ള യന്ത്രങ്ങളായി ഞങ്ങൾ മാറിയിരിക്കുന്നു. ദുരിതാശ്വാസത്തിന്റെ പേരിൽ ഞങ്ങൾക്ക് നൽകുന്ന ചെറിയ തുകയെല്ലാം വീട്ടുവാടകയുടെയും അവശ്യസാധനങ്ങൾക്ക് നൽകുന്ന വിലയുടെയും രൂപത്തിൽ അവർക്ക് തന്നെ നൽകേണ്ടി വരുന്നു. അവർക്ക് ഇപ്പോഴും ഞങ്ങളോട് പകയുണ്ട്. ഞങ്ങളെ ആശ്രയിച്ചാണ് അവരുടെ ബിസിനസെങ്കിലും, അവർ ഞങ്ങളെ പരാന്നഭോജികളായാണ് കണക്കാക്കുന്നത്.

നമ്മളിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് കൊണ്ടുവന്ന വിലപിടിപ്പുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞതും, മിച്ചമുള്ള ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വിറ്റതിൽ നിന്നും ലഭിച്ച ഭൂരിഭാഗവും ഇതിനകം ഡങ്കാർസ്” കൈക്കലാക്കിയതും സങ്കടകരമായ വസ്തുതയാണ്. നമുക്ക് ഡങ്കാർസുകളുമായി പൊതുവായി ഒന്നുമില്ല, ഒരു മതം പോലുമില്ല. കാരണം അവർ ആചരിക്കുന്ന ഹിന്ദുമതം നമുക്കറിയാവുന്ന ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്തമാണ്.

സത്യത്തിൽ ഹിന്ദു എന്നത് ഒരു മതമല്ല, പകരം അതൊരു ജീവിതരീതിയാണ്. അത് ഞങ്ങളെ കാശ്മീരി മുസ്ലീങ്ങളുമായി കൂടുതൽ സാമ്യപ്പെടുത്തുന്നു. കാരണം അവരുടെ ജീവിത രീതികൾ, നമ്മുടെ ജീവിത രീതികളോട് സമാനമാണ്. നമ്മുടെ ചരിത്രം, സംസ്കാരം, പാരമ്പര്യം, ധാർമ്മികതആചാരങ്ങൾ, ഭാഷ എല്ലാം സമാനമാണ്. അവർ ഭൂരിപക്ഷം ആയതിനാൽ നമ്മൾ അവരെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. നമ്മുടെ മാതൃരാജ്യത്തെ മാത്രമല്ല, നൂറ്റാണ്ടുകളായി ഞങ്ങൾക്ക് സ്നേഹവും വാത്സല്യവും ബഹുമാനവും നൽകിയവരെ കൂടി, അവർക്ക് ഞങ്ങളെ ആവശ്യമുണ്ടായിരുന്ന സമയത്ത് വഞ്ചിച്ചതിൽ ഞങ്ങൾക്ക് ലജ്ജ തോന്നുന്നു.

നമ്മുടെ രാജ്യത്തിന്റെ ശത്രുക്കളുടെ കൈകളിലെ ഉപകരണങ്ങളായി മാറിയതിലും വിദേശ ശക്തികളിൽ നിന്നും നമ്മുടെ മാതൃരാജ്യത്തെ രക്ഷിക്കാനുള്ള സ്വതന്ത്ര സമരത്തിൽ പങ്കാളികളാവാത്തതിലും ഞങ്ങൾക്ക് ലജ്ജ തോന്നുന്നു. ഈ സമരത്തിന്റെ ഭാഗമാകേണ്ടിയിരുന്ന സാഹചര്യത്തെയും സ്വാതന്ത്ര്യ സമരത്തെയും വർഗീയവൽക്കരിക്കുന്നതിൽ ഞങ്ങൾ പങ്ക് വഹിച്ചതിലൂടെ അറിഞ്ഞോ അറിയാതെയോ വലിയ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുന്നതിലും ഞങ്ങൾക്ക് ലജ്ജ തോന്നുന്നു.ഈ വലിയ വഞ്ചന നമ്മളോട് ക്ഷമിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ. ഇത് എല്ലാ കശ്മീരികളുടെയും പോരാട്ടമാണ്. നമ്മുടെ മാതൃരാജ്യത്തെ വഞ്ചിച്ചതിന്റെ ഫലമായി അധിനിവേശ ശക്തികളോട് പോരാടുന്ന നമ്മുടെ മുസ്ലീം സഹോദരീ- സഹോദരന്മാരുടെ സ്നേഹവും നല്ല മനസ്സും ബഹുമാനവും വാത്സല്യവും നഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം, എന്നാൽ അതേ സമയം അവരുടെ നല്ല സ്വഭാവത്തിലും മഹത്വത്തിലും ഞങ്ങൾ സംതൃപ്തരാണ്. പ്രവാചകൻ ഹസ്രത്ത് മുഹമ്മദ് സാഹിബിന്റെ പാഠമനുസരിച്ച് ഇസ്ലാമിന്റെ യഥാർത്ഥ ആത്മാവിൽ അവർ ഞങ്ങളോട് ക്ഷമിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ജമ്മുവിൽ താമസിക്കുന്ന പണ്ഡിറ്റുമാരെ നമുക്ക് മൂന്നു വിഭാഗങ്ങളായി തരംതിരിക്കാനാവും. ജമ്മുവിൽ സ്വന്തമായി വീടുള്ള, അവിടെ ഇതിനകം സ്ഥിരതാമസമാക്കിയവരാണ് ഒന്നാമത്തെ വിഭാഗം ആളുകൾ. അധിനിവേശക്കാരായാണ് അവർ തങ്ങളെ കണ്ടിരുന്നതെന്ന് ശ്രീ. കൗൾ കൃത്യമായി പരാമർശിക്കുകയും, നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് ലഭിക്കുന്ന ഓരോ അനൂകൂല്യവും തട്ടിപ്പിലൂടെയും വക്കീൽ മുഖാന്തരവും അവർ കൈക്കലാക്കിയിട്ടും, ഞങ്ങളെ അഭയാർത്ഥികൾ എന്നായിരുന്നു അവർ വിളിച്ചുകൊണ്ടിരുന്നത്. സ്വന്തം പേരിൽ സ്വത്തോ, വീടോ ഇല്ലാത്തവരാണ് രണ്ടാമത്തെ വിഭാഗം ആളുകൾ. ഈ പണ്ഡിറ്റുകൾ ഹബകടൽ, ഗണപത്യാർ, റെയ്‌നാവാരി തുടങ്ങിയ ചേരികളിൽ നിന്നാണ് വരുന്നത്. അവരിൽ ഭൂരിഭാഗം പേർക്കും താഴ്‌വരയിൽ സ്ഥിരമായ വരുമാന മാർഗമില്ല. കുറഞ്ഞ ആനുകൂല്യം ലഭിക്കുന്നതും, കൂടുതൽ അവഗണന നേരിടുന്നതും ഇവരാണ്. അതുകൊണ്ടാണ് ഈ വിഭാഗത്തിലെ അംഗങ്ങൾ കൂടുതൽ ശബ്ദമുയർത്തുന്നതും, കാശ്മീരി മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്നതിൽ നേതൃത്വം വഹിക്കുന്നതും. ദംഗരുടെ പ്രീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഈ പണ്ഡിറ്റുകളിൽ ഭൂരിഭാഗവും തങ്ങളുടെ പെൺമക്കളെ അവർക്ക് വിവാഹം ചെയ്തുകൊടുക്കാറുണ്ട്. സ്വയം പ്രഖ്യാപിതരായ മിക്ക നേതാക്കന്മാരും ഈ വിഭാഗത്തിൽ നിന്നുള്ളവരാണ് . താഴ്‌വരയിൽ ലക്ഷങ്ങളോളം വിലമതിക്കുന്ന തങ്ങളുടെ സ്വത്ത് ഉപേക്ഷിച്ച് വന്നവരാണ് മൂന്നാമത്തെ വിഭാഗം. ഈ വിഭാഗം പണ്ഡിറ്റുകൾക്കാണ് നാട്ടിലേക്ക് മടങ്ങാൻ കൂടുതൽ താല്പര്യമുള്ളത്. 

ഈയൊരു സാഹചര്യത്തിൽ, ഞങ്ങൾ ചെയ്ത വഞ്ചന ക്ഷമിച്ച് മാപ്പ് നൽകണമെന്നും, ഞങ്ങളെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും കശ്മീരി മുസ്ലീം സഹോദരീസഹോദരന്മാരോട് ശ്രീ. കൗളിനോടൊപ്പം ചേർന്ന് ഞങ്ങളുടെ സ്വന്തം പേരിലും, ഞങ്ങളുടെ സമുദായത്തിലെ സ്വബോധമുള്ള അംഗങ്ങളുടെ പേരിലും ഞങ്ങൾ അഭ്യർത്ഥിക്കുന്നു (ഞങ്ങൾ ഭൂരിപക്ഷമുള്ളതിനു ഞങ്ങൾ ദൈവത്തിനോടും നന്ദി പറയുന്നു). ഇതോടൊപ്പം ഇന്ത്യൻ അധിനിവേശ ശക്തികൾ നമ്മുടെ സഹോദരങ്ങൾക്ക് നേരെ അഴിച്ചുവിടുന്ന അതിക്രമങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ള നേതാക്കൾ ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ എല്ലാ സമാധാനപ്രേമികളോടും അഭ്യർത്ഥിക്കുന്നു. രാജ്യത്തിനെതിരായ അതിക്രമങ്ങളിൽ നിന്ന് ഇന്ത്യയെ വഴിതിരിച്ചു വിടുന്നതിനായി ലോക സമൂഹത്തോടും യുഎൻഒയോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ജമ്മു-കാശ്മീർ സംസ്ഥാനത്ത് ജനഹിതപരിശോധന നടത്തുന്നതിനായി കാശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകുന്നതിന് 1948-ൽ പാസ്സാക്കിയ പ്രമേയങ്ങൾ നടപ്പിലാക്കാൻ ഇന്ത്യയെ നിർബന്ധിക്കണമെന്ന് ഞങ്ങൾ യുഎൻഒയോട് അഭ്യർത്ഥിക്കുന്നു. 

കാശ്മീരിലെ ഞങ്ങളുടെ സഹോദരി- സഹോദരന്മാർക്ക് ഞങ്ങളുടെ ബഹുമാനവും ആശംസകളും അറിയിക്കുക. ബാഹ്യശക്തികളുടെ കടന്നാക്രമണത്തിനെതിരെ അവർ കാണിക്കുന്ന ധൈര്യത്തിനും ശൂരതയ്ക്കും വലിയൊരു സല്യൂട്ട്. ഇതൊരു താത്കാലികമായ ഘട്ടം മാത്രമാണെന്നും, മഹത്തായ രക്തസാക്ഷികളുടെ രക്തത്തിനു ഉടനടി വിജയം കാണുമെന്നും ദയവായി അവരെ ഓർമ്മിപ്പിക്കുക.

സ്വതന്ത്രമായ, സമൃദ്ധമായ, തടസങ്ങളില്ലാത്ത ജമ്മു കാശ്മീരിൽ ജീവിക്കാനുള്ള നമ്മുടെ സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ.