കാട്ടാക്കട:
മാറനല്ലൂർ പഞ്ചായത്തിലെ കൊറ്റംപള്ളി പാറവിള അങ്കണവാടിയ്ക്ക് മുന്നിൽ കണ്ടെത്തിയ കാൽപാട് പുലിയുടെതല്ലെന്ന് വനം വകുപ്പ്. കാട്ടു പൂച്ചയുടെതൊ മറ്റേതെങ്കിലും ജീവിയുടെയോ കാൽപാടാകാനാണ് സാധ്യതയെന്ന് പരുത്തിപള്ളി റെയ്ഞ്ച് ഓഫിസർ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറവിള ഭാഗത്ത് പുലിയെ കണ്ടതായി മത്സ്യവിൽപ്പനക്കാരൻ അറിയിച്ചത്. ഇതേ തുടർന്ന് പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ വനം വകുപ്പ് അധികൃതർ ഇവിടേക്ക് വന്നില്ല. തിങ്കൾ രാവിലെയാണ് പാറവിള അങ്കണവാടി മുറ്റത്ത് പുലിയുടേതെന്ന് സംശയിച്ച കാൽപാട് കണ്ടത്. മുൻപെങ്ങും ഇവിടെ ഇത്തരം കാൽപാടുകൾ കണ്ടിട്ടില്ല. ഇതുകൊണ്ട് തന്നെ പുലിയുടെ കാൽപാട് ആകാനാണ് സാധ്യതയെന്നായിരുന്നു നിഗമനം.
ഇന്നലെ സ്ഥലം സന്ദർശിച്ച വനം വകുപ്പ് ആർആർടി സംഘമാണ് പുലിയുടെ കാൽപാട് അല്ലെന്ന് ഉറപ്പിച്ചത്. കാട്ടു പൂച്ചയുടേതാകാം കാൽപാടെന്ന് വനം വകുപ്പ് സംഘം പറഞ്ഞു. അങ്കണവാടിയുടെ സമീപം ഏക്കർ കണക്കിന് പാറക്കൂട്ടം നിറഞ്ഞ തരിശ് ഭൂമിയുണ്ട്. ഇതിനു സമീപത്താണ് പുലിയെ കണ്ടതെന്നാണ് മത്സ്യവിൽപ്പനക്കാരൻ നാട്ടുകാരോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നത്.
അങ്കണവാടി മന്ദിരത്തിനു മുന്നിലെ കാൽപാട് കൂടി ആയപ്പോൾ പുലി ഭീതി വർധിച്ചു. കാൽപാട് ശ്രദ്ധയിൽപെട്ട് ചിത്രം പകർത്തിയതിന് അങ്കണവാടി അധ്യാപികയെ ചിലർ പരിഹസിക്കാനും മുതിർന്നു. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിനു മുന്നിലെ കാൽപാട് ശ്രദ്ധിക്കാൻ കാരണം പുലി ഭീതി ഉയർന്നതിനാലാണ്. ചിത്രം പകർത്തി പഞ്ചായത്ത് അധികൃതർക്ക് അയച്ച് കൊടുത്തത് ഇതുകൊണ്ട് കൂടിയാണ്.
രാവിലെ ഇവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി സാന്നിധ്യമില്ലെന്ന് ഇവർ ഉറപ്പിച്ച് പറഞ്ഞതോടെ നാട്ടുകാർക്കും ആശ്വാസം. പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം ഗംഗാധരൻ കാണിയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ആർആർടി ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു.