Wed. Nov 6th, 2024
ലഖ്നൌ:

ഉത്തർപ്രദേശിലെ കുശിനഗറിൽ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. സിൻസായി ഗ്രാമത്തിലുള്ള ദളിത് കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചത്. മരിച്ച നാല് കുട്ടികൾക്കും ഏഴ് വയസ്സിന് താഴെയാണ് പ്രായം.

മഞ്ജന, സ്വീറ്റി, സമർ,അരുണ്‍ എന്നീ കുട്ടികളാണ് മരിച്ചത്. വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മിഠായി കുട്ടികൾ കഴിക്കുകയായിരുന്നു. മൂന്നുപേർ കഴിച്ചയുടൻ ബോധരഹിതരായി. നാലാമത്തെയാൾ ആശുപത്രിയിലെത്തിയ ശേഷമാണ് കുഴഞ്ഞു വീണത്. പിന്നീട് നാല് പേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മിഠായി പൊതികളുടെ പരിശോധന തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷം കലർത്തിയ മിഠായികൾ ആരോ കുട്ടികളുടെ വീടിന് മുന്നിൽ ഉപേക്ഷിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രണ്ടുവർഷം മുമ്പ് ഇതേ കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികൾ സമാന സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിഗമനങ്ങളിലെത്താൻ കഴിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.