ഭോപ്പാൽ:
ജയിലിൽ കഴിയുന്ന തടവുകാർ കമ്പ്യൂട്ടർ പഠിക്കുന്നതും, ഓപ്പൺ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ലോമകളും ബിരുദങ്ങളും നേടുന്നതും ഒന്നും ഒരു പുതിയ കാര്യമല്ല. എന്നാൽ, അവർ പുരോഹിതന്മാരാകാൻ പരിശീലനം നേടുന്നത് ഒരുപക്ഷേ ഇതാദ്യമായിക്കും.
ജയിലിൽ കഴിയുന്ന തടവുകാർക്ക് മനസാന്തരപ്പെടാനും, സ്വയം തിരുത്താനും ഒരവസരം നൽകുകയാണ് മധ്യപ്രദേശിലെ ജയിൽ വകുപ്പ്. കുറ്റവാളികൾ പാപത്തിന്റെ ലോകം വിട്ട് ആത്മീയതയിലേക്ക് തിരിയുകയാണ് അവിടെ. ജയിലിനുള്ളിൽ മന്ത്രങ്ങൾ പഠിക്കാനും, പൂജാരിമാരാകാനും തടവുകാർക്ക് പരിശീലനം നൽക്കുകയാണ് ഭോപ്പാൽ സെൻട്രൽ ജയിൽ.
തടവുകാരെ പുരോഹിതരാക്കാനുള്ള ഈ സംരംഭം നടത്തുന്നത് ഭോപ്പാലിലെ ആത്മീയ സംഘടനയായ ഗായത്രി ശക്തിപീഠമാണ്. വൈദിക ആചാരങ്ങളിൽ താൽപ്പര്യമുള്ളവർക്ക് മാത്രമാണ് ഈ പരിശീലനം. ജയിൽമോചിതരായ ശേഷം കുറ്റവാളികൾക്ക് പുരോഹിതനായി ജോലി ചെയ്യാനും, മാന്യമായ ഒരു ജീവിതം നയിക്കാനും ഇത് സഹായകമാകുമെന്ന് ജയിൽ അധികൃതർ പ്രതീക്ഷിക്കുന്നു.
മാർച്ച് 1 -ന് ആരംഭിച്ച ക്ലാസുകൾ മാർച്ച് 31 വരെ നീളും. പതിനഞ്ച് തിയറി ക്ലാസുകൾ ജയിലിന്റെ ലൈബ്രറിയിൽ നടത്തി കഴിഞ്ഞു. “തുടർന്ന് നടത്തിയ പരീക്ഷയിൽ അവർ 10 മുതൽ 15 ശതമാനം വരെ നേടുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ, ഫലം പുറത്ത് വന്നപ്പോൾ ഏകദേശം 60 ശതമാനമായിരുന്നു വിജയം” ശക്തിപീഠത്തിന്റെ രമേഷ് നഗറിന്റെ പ്രതിനിധി പറഞ്ഞു.