Sun. Jan 19th, 2025
സീതത്തോട്:

വേലുത്തോട് ചെക്ക് ഡാമിൽ മണ്ണും മണലും അടിഞ്ഞതിനെ തുടർന്ന് സംഭരണ ശേഷി തീർത്തും കുറഞ്ഞു. നേരിയ മഴയിൽ പോലും ചെക്ക് ഡാം നിറഞ്ഞ് കവിയുന്ന അവസ്ഥ.കക്കാട് ജല വൈദ്യുത പദ്ധതിയുടെ ഭാഗമാണ് വേലുത്തോട് ചെക്ക് ഡാം.

വേലുത്തോട് വനമേഖലയിലെ നിന്ന് സംഭരിക്കുന്ന വെള്ളം കക്കാട് പദ്ധതിയുടെ മൂഴിയാർ–സീതത്തോട് പവർ ടണലിലേക്ക് എത്തിക്കുന്നതിനു വേലുത്തോട് തോട്ടിലാണ് ചെക്ക് ഡാം നിർമിച്ചിരിക്കുന്നത്. ചെക്ക് ഡാം ടണലുമായി ബന്ധിപ്പിച്ചാണ് വെള്ളം പവർ ടണലിലേക്ക് എത്തിക്കുന്നത്. ഏകദേശം അര കിലോമീറ്ററോളം വിസ്തൃതിയിൽ കിടക്കുന്ന സംഭരണിയിൽ കാലവർഷ സമയത്ത് മാത്രമാണ് പ്രധാനമായും വെള്ളം ഉള്ളത്.

ഷട്ടറുകൾ ഇല്ലാത്ത ചെക്ക് ഡാമിൽ നിശ്ചിത അളവിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ വെള്ളം പുറത്തേക്കു തനിയെ ഒഴുകും വിധമാണ് നിർമാണം.
ഏതാനും വർഷം മുൻപ് ലക്ഷക്കണക്കിനു രൂപ വിനിയോഗിച്ച് കാലവർഷ സമയം മണ്ണും ചെളിയും നീക്കം ചെയ്തിരുന്നു. മഴ സമയത്ത് ഈ ജോലികൾ നടന്നത് കാരണം ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിയില്ല.

കരാർ ജോലികൾ കാര്യക്ഷമമല്ലെന്ന് അന്ന് പരാതികൾ ഉയർന്നിരുന്നെങ്കിലും ബന്ധപ്പെട്ടവർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നായിരുന്നു പ്രധാന ആക്ഷേപം.അണക്കെട്ട് സുരക്ഷാ വിഭാഗം കക്കാട് ഡിവിഷന്റെ പരിധിയിലാണ് ഈ ചെക്ക് ഡാം. ചെക്ക് ഡാമിൽ അടിഞ്ഞ് കിടക്കുന്ന ചെളിയുടെ അളവ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചിരുന്നു.ചെളി നീക്കം ചെയ്യുന്ന ജോലികൾ വേനൽ കാലത്ത് ചെയ്തെങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.