Mon. Dec 23rd, 2024
കൊടുവായൂർ:

അന്തരീക്ഷച്ചൂട് 42 ഡിഗ്രി കടന്നിട്ടും തൊഴിലിടങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉറപ്പാക്കാത്തത് തൊഴിലാളികൾക്ക് ദുരിതമായി. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, കൊല്ലങ്കോട് പ്രദേശങ്ങളിലാണ് പൊരിവെയിലത്ത് കെട്ടിട നിർമാണം, കൃഷിപ്പണി, റോഡ് നിർമാണം എന്നിവ ഇടവിടാതെ തുടരുന്നത്. താപനില കൂടുതലുള്ള നട്ടുച്ച മുതൽ മൂന്ന് മണി വരെ പുറത്തിറങ്ങരുതെന്ന നിർദേശമുണ്ടെങ്കിലും ഉപജീവന മാർഗത്തിനായി തൊഴിലിനിറങ്ങുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നില്ല.

കൊയ്ത പാടങ്ങളിൽ വയ്ക്കോൽ ഉണക്കലും ഇഞ്ചി വിളവെടുപ്പും കെട്ടിട കോൺക്രീറ്റ് പണികളുമാണ് ചൂടിൽ വെന്തുരുകി തൊഴിലാളികൾ ചെയ്യുന്നത്. തൊഴിലാളികൾ ബോട്ടിലുകളിൽ കൊണ്ടുപോകുന്ന വെള്ളം മാത്രമാണ് ആശ്രയം. ചൂടുകാലത്ത് സമയക്രമീകരണം തൊഴിലിടങ്ങളിൽ കർശനമാക്കി കുടിവെള്ളവും വിശ്രമ സൗകര്യങ്ങളും ഏർപ്പെടുത്താൻ സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.