Mon. Dec 23rd, 2024
ഫറ്റോര്‍ഡ:

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം എനെസ് സിപോവിച്ച് മത്സരവിജയം ആഘോഷിക്കുമ്പോള്‍ തെലുഗു സിനിമയായ പുഷ്പയിലെ സംഭാഷണമോ അല്ലെങ്കില്‍ ആക്ഷനോ കടമെടുക്കാറുണ്ട്. മാത്രമല്ല, ആറാടുകയാണെന്നുള്ള സംഭാഷണവും വൈറലായി. പ്രതിരോധ നിരയിലെ ബോസ്‌നിയന്‍ താരം എങ്ങനെയാണ് ആ ഡയലോഗ് പഠിച്ചതെന്ന് ഒരു വിവരവുമില്ലായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സിപോവിച്ച്.

ആറാടുകയാണ് എന്ന് പറയുന്നത് കേരള താരങ്ങളാരെങ്കിലും പഠിപ്പിച്ചതാണെന്ന് കരുതാം. എന്നാല്‍ തെലുങ്ക് ഡയലോഗ് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോഴാണ് ആ സിനിമാ പ്രാന്ത് സിപോവിച്ച് വെളിപ്പെടുത്തിയത്. ഐഎസ്എല്ലിനായി എത്തിയത് മുതല്‍ ഇന്ത്യന്‍ സിനിമകളും കാണാറുണ്ടെന്നാണ് സിപോവിച്ച് പറയുന്നത്. അതില്‍ അല്ലു ആര്‍ജുന്‍ നായകനായ പുഷ്പ സിനിമ താരത്തിന് കൂടുതല്‍ ഇഷ്ടമായി.

ഒന്നല്ല രണ്ട് വട്ടം സിപോവിച്ച് സിനിമ മുഴുവന്‍ കണ്ടു. ഇനിയും കാണുമെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നുമാണ് സിപോവിച്ച് പറയുന്നത്.