Fri. Nov 22nd, 2024
കളമശ്ശേരി:

കളമശേരിയിൽ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴിലാളികളിൽ ഒരു കൗമാരക്കാരനും. അപകടം മനുഷ്യനിർമിതമെന്ന് ആവർത്തിച്ച് പൊലീസും ഫയർഫോഴ്‌സും രംഗത്തെത്തി. മരിച്ച നൂർ അമീൻ മൊണ്ടൽ എന്നയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

നെസ്‌റ്റ്‌ മാനേജ്‌മെന്റിനെതിരെ മനഃപൂർവമല്ലാത്ത നരഹഹത്യക്ക് പൊലീസ് കേസെടുക്കും. നെസ്റ്റിനെതിരെ ബാലനീതി വകുപ്പ് പ്രകാരവും പൊലീസ് കേസെടുക്കും. സംഭവത്തില്‍ തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം സമഗ്രാന്വേഷണം പ്രഖ്യാപിച്ചു.

അന്വേഷണത്തിന് ലേബര്‍ കമ്മീഷണര്‍ ഡോ എസ് ചിത്ര ഐ എ എസിനെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി.മരണമടഞ്ഞ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.

പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.