Mon. Dec 23rd, 2024

ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്.

ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ. ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഹൈദരാബാദ് എഫ്സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. ഇരു ടീമുകളും ലീഗിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. പുതിയ പരിശീലകന് കീഴില്‍, പുതിയ താരങ്ങളുമായി ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നെ തോല്‍വിയറിയാതെ മുന്നേറുകയായിരുന്നു.