Mon. Dec 23rd, 2024

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിന്റെ കുടുംബം. മഞ്ഞപ്പട ആദ്യ കപ്പെടുക്കുമ്പോള്‍ കപ്പ് നേരില്‍ കാണാനും മഞ്ഞപ്പടയെ വരവേല്‍ക്കാനുമായി രാഹുലിന്റെ കുടുംബം കൊച്ചിയിലേക്ക് പുറപ്പെടാന്‍ തയാറാകുകയാണ്.

രാഹുലിന്റെ ടീമിന്റെ വിജയം ഉത്സവമാക്കാനായി ഒരുക്കങ്ങളും തയാറാക്കി കാത്തിരിക്കുകയാണ് കുടുംബം. തിരക്കുകള്‍ക്കിടയിലും വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ രാഹുലിന്റെ ശബ്ദത്തില്‍ കേട്ട ആത്മവിശ്വാസം തന്നെയാണ് കുടുംബത്തെ ആവേശം കൊള്ളിക്കുന്നത്. നല്ല കോച്ചും മികച്ച ടീമുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളതെന്ന കാര്യത്തില്‍ രാഹുലിന്റെ അച്ഛന് സംശയമില്ല. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് രാഹുലിന്റെ കുടുംബം വിജയമുറപ്പിച്ചിരിക്കുന്നത്.

പഠിക്കാന്‍ വിട്ടപ്പോള്‍ രാഹുല്‍ കളിക്കാനാണ് പോയതെന്ന് രാഹുലിന്റെ അമ്മ പറയുന്നു. സ്‌കൂള്‍ വിട്ടുവന്നാലുടന്‍ കളിക്കളത്തിലേക്ക് പോകും പിന്നെ രാത്രി വൈകിയാണ് അവന്‍ വരാറുള്ളത്. ഇപ്പോള്‍ പ്രാക്ടീസിനിടയിലും സമയം കിട്ടുമ്പോഴെല്ലാം വിളിക്കാറുണ്ട്. മകന്റെ ടീം ജയിക്കുമെന്ന് ഉറപ്പാണെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.