Sun. Jan 12th, 2025
തിരുവനന്തപുരം:

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്.

ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഭാവനയെ കൊണ്ട് വന്നത് തെറ്റായിപ്പോയി എന്ന തരത്തിലാണ് ചർച്ചകൾ. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താൻ ദിലീപിനെ ന്യായീകരിക്കുന്നില്ല.

ജയിലിൽ പോയി കണ്ടത് അന്ന് നടൻ സുരേഷ് കൃഷ്ണ പോയപ്പോൾ കൂടെ പോയത്. ജയിലിൽ കാണാൻ വേണ്ടി താൻ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്.

ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു. താൻ പുറകെ കൂടി ആറ്റുനോറ്റ് നേടിയാതല്ല ഈ പദവി. അക്കാദമി തലപ്പത്ത് സർക്കാരുമായി ചർച്ച ചെയ്തു മാത്രമാകും തീരുമാനങ്ങൾ എടുക്കുന്നത്. ഒന്നും സർക്കാർ വിരുദ്ധം ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.