പൊഴുതന:
വൈദ്യുതിയില്ലാതെ ദുരിതത്തിലായിരിക്കുകയാണ് പൊഴുതന പഞ്ചായത്തിലെ വായനാംകുന്ന് കോളനിവാസികൾ. മാസങ്ങളായി മെഴുകുതിരി വെട്ടത്തിലാണ് കോളനിയിലെ ഭൂരിഭാഗം കുട്ടികളും രാത്രികാലങ്ങളിൽ പഠനം നടത്തുന്നത്. പൊഴുതന പഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട കോളനിയിൽ ഒമ്പതു വീടുകളിലായി ഡസനോളം പണിയ കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ആറ് വീടുകൾക്ക് നിലവിൽ വൈദ്യുതിയില്ല.
2019ൽ കോളനിയിലെ പഴയ വീടുകൾ പൊളിച്ച് പുതിയ വീടുകൾ നിർമിച്ചിട്ടും വയറിങ് നടത്തുകയല്ലാതെ പുതിയ കണക്ഷൻ ഇലക്ട്രിസിറ്റി ബോർഡ് നല്കിയില്ലെന്നാണ് കോളനിക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ഇരുട്ടിൽ മെഴുകുതിരി വീണ് വയോധികന് കൈകാലുകൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാസങ്ങൾക്കുമുമ്പ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭിച്ചിരുന്നു. ഇത് പ്രവർത്തിപ്പിക്കാൻ കോളനിയിൽ വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്.
ലാപ്ടോപ്പെടുത്ത് വെറുതെ തുറന്നു നോക്കി അടച്ചുവെക്കാനേ മിക്ക കുട്ടികൾക്കും നിർവാഹമുള്ളൂ. ഡിജിറ്റൽ പഠനം കെങ്കേമമാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുമ്പോൾ അതു പ്രവർത്തിപ്പിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ കൂടി സർക്കാർ ഒരുക്കിനൽകിയെങ്കിൽ നന്നായേനെ എന്നാണ് മാതാപിതാക്കളുടെ പ്രതികരണം.