Wed. Jan 22nd, 2025

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി കിരീടപ്പോരാട്ടം നാളെ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.

ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചു. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.

ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.

ബ്ലാസ്റ്റേഴ്‌സ് സെമിയിൽ ജംഷഡ്‌പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്. 18,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റും വിൽപനയ്ക്ക് വച്ചിരുന്നു. സംഘാടകർ മുഴുവൻ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്‌ദ സമിതി അംഗങ്ങൾ എതിർത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിർദ്ദേശം. ഗോവ മെഡിക്കൽ കോളേജിൽ ചേർന്ന വിദഗ്ദ സമിതി യോഗം ഒടുവിൽ 100 ശതമാനത്തിന് സമ്മതം മൂളുകയായിരുന്നു.