അഹമ്മദാബാദ്:
ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. വിദ്യാഭ്യാസ ബജറ്റ് നിയമസഭയില്‍ മന്ത്രി ജിതു വഘാനി അവതരിപ്പിച്ചപ്പോഴാണ് പാഠ്യപദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയത്.
2022-23 അക്കാദമിക് വര്‍ഷത്തെ പാഠ്യ പദ്ധതി മുതലാണ് ഗീത ഉള്‍പ്പെടുത്തുക. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും രാജ്യത്തിന്റെ പ്രാചീനവും ആധുനികവുമായ സംസ്‌കാരവും പാരമ്പര്യവും വിദ്യാര്‍ത്ഥികളിലെത്തിക്കാനാണ് പാഠ്യപദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.
ഗീതയിലെ തത്വങ്ങളും മൂല്യങ്ങളും എല്ലാ മതവിഭാഗക്കാരും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വാംഗി ശിക്ഷന്‍ എന്ന പാഠപുസ്തകത്തിലായിരിക്കും ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഗീത പഠിപ്പിക്കുക.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഭാഷ പാഠപുസ്തകത്തിലും ഗീതയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. മഹാത്മാ ഗാന്ധിയും വിനോബ ഭാവയും ഗീതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പ്രധാന വിഷയത്തില്‍ ഉള്‍പ്പെടുത്തും. എല്ലാ കുട്ടികളും നിര്‍ബന്ധമായി ഇത് പഠിക്കേണ്ടി വരും. പരീക്ഷ ചോദ്യപേപ്പറിലും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.