Sat. Nov 16th, 2024
കണ്ണൂർ:

വൈദ്യുതിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്കും കെഎസ്‌ഇബി വിപുലമായ ചാർജിങ്‌ സൗകര്യം ഒരുക്കുന്നു. പറ്റാവുന്ന എല്ലായിടങ്ങളിലും ചാർജിങ്‌ പോയിന്റുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലത്തിലും  അഞ്ച്‌ ചാർജിങ്‌ പോയിന്റെങ്കിലുമുണ്ടാകും.

എംഎൽഎമാരുടെ  മേൽനോട്ടത്തിലാണ്‌ ഇതിന്റെ നിർമാണം. രണ്ട്‌ ഓട്ടോറിക്ഷകൾക്കെങ്കിലും  പാർക്കിങ്‌ സൗകര്യമുള്ള സ്ഥലങ്ങളിലാണ്‌ ചാർജ്‌ പോയിന്റുകൾ സ്ഥാപിക്കുക. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ 15 എണ്ണം നിർമിക്കും.

വൈദ്യുത തൂണുകൾക്ക് മുകളിലാണ് ചാർജിങ്‌  യൂണിറ്റ് ഉണ്ടാകുക. ചാർജ് ചെയ്യാനാവശ്യമായ സോക്കറ്റ്, മൊബൈൽ ആപ് കമ്യൂണിക്കേഷനുള്ള സംവിധാനം, വൈദ്യുത മീറ്റർ, സർക്യൂട്ട് ബ്രേക്കർ, സെക്യൂരിറ്റി ക്യാമറ എ ന്നിവ ഓരോ യൂണിറ്റിലും സ്ഥാപിക്കും. കണ്ണൂർ, ബർണശേരി, ചൊവ്വ, അഴീക്കോട് സെ ക്ഷൻ പരിധിയിൽ നിർമാണം പൂർത്തിയാകുകയാണ്‌.

കണ്ണൂർ ടൗണിൽ എ കെ ജി ആശുപത്രിക്ക്‌ മുൻവശവും തെക്കീബസാർ കക്കാട് റോഡിലുമാണ്‌ ചാർജിങ്‌ പോയിന്റുകൾ. മൊബൈൽ ആപ് വഴി പോയിന്റുകളുടെ സ്ഥാനം അറിയാനും ചാർജിങ്  ഫീസ്‌ അടയ്‌ക്കാനും കഴിയും. യൂണിറ്റിന്‌ ജിഎസ്‌ടി അടക്കം 9.30 രൂപയാണ്‌ നൽകേണ്ടത്‌.

നിലവിൽ കാർ ചാർജിങ്ങിന്‌ ചൊവ്വയിലാണ്‌ സ്‌റ്റേഷനുള്ളത്‌. വളപട്ടണത്തും  പടന്നപ്പാലത്തും കാർ ചാർജിങ്ങ്‌ സ്‌റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌.