കണ്ണൂർ:
കള്ളിനെയും കഞ്ചാവിനെയും പിറകിലാക്കി പുതുതലമുറ മയക്കുമരുന്നുകളുടെ ഹബ്ബായി കണ്ണൂർ. ജില്ലയിലേക്ക് അതിമാരക രാസ ലഹരിമരുന്നുകൾ കടത്തുന്നവരും വിതരണക്കാരും കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കണ്ണൂർ നഗരത്തിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി തെക്കിബസാർ സ്വദേശി നിസാം അബ്ദുൽ ഗഫൂർ സംസ്ഥാനത്ത് മലബാര്‍ മേഖലകളില്‍ പുതുതലമുറ മയക്കുമരുന്നുകളുടെ മൊത്ത വിതരണക്കാരനാണെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു.
രണ്ടു കിലോയോളം എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി മുഴപ്പിലങ്ങാട് സ്വദേശി തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൾകീസ് ചരിയ (31) എന്നിവരെ കണ്ണൂരിൽ പൊലീസ് പിടികൂടിയതോടെയാണ് കണ്ണൂർ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെ കുറിച്ച് പുറംലോകമറിയുന്നത്. കോടിക്കണക്കിന് രൂപയുടെ കിലോക്കണക്കിന് തൂക്കമുള്ള രാസലഹരി മരുന്നുകൾ വിതരണം ചെയ്യാനും കടത്താനും കൂടുതൽപേർ സംഘത്തിലുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മുഖ്യപ്രതി അറസ്റ്റിലായെങ്കിലും കേസുമായി ബന്ധമുള്ള നിരവധിപേർ ജില്ലയിലും സംസ്ഥാനത്തിന് പുറത്തുമായുണ്ട്.
ബംഗളൂരുവിൽനിന്ന് കിലോക്കണക്കിന് ലഹരിമരുന്ന് നിസാം വഴി വില്പനക്കായി എത്തിച്ചതായാണ് വിവരം. കണ്ണൂർ സിറ്റി, മരക്കാർകണ്ടി, എടക്കാട് ഭാഗങ്ങളിൽ സ്ഥിരമായി മരുന്ന് എത്തിക്കുന്നത് ഇവരുടെ സംഘമാണെന്ന് പൊലീസ് പറയുന്നു. എത്തിക്കുന്ന മയക്കുമരുന്നുകള്‍ ചില്ലറ വിൽപനക്കായി അളന്നു തൂക്കി വിതരണം നടത്തിയിരുന്ന പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപത്തെ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ കഴിഞ്ഞയാഴ്ച പൊലീസ് നടത്തിയ പരിശോധനയിലും എൽഎസ്ഡി സ്റ്റാമ്പുകളും മോളി ഗുളികകളും കണ്ടെടുത്തിരുന്നു.