Wed. Jan 22nd, 2025
തിരുനെൽവേലി:

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അറുപതോളം കേസുകളിൽ പ്രതിയായ നീരവി മുരുകൻ ബുധനാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ നാങ്ങുനേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങിയ ജില്ലകളിൽ ഇയാൾക്കതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകലുൾപ്പടെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്.

ചെന്നൈയിൽ വെച്ച് ഇയാൾ സ്ത്രീകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തമിഴ്നാടിനു പുറമെ കർണാടകയുൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുരുകൻ കൊടും കുറ്റവാളിയാണെന്ന് ഐ ജി ടി എസ് അൻപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇയാൾ തിരുനെൽവേലിയിൽ ഒളിവിൽ കഴിയുകയാണെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതി ആക്രമിക്കുകയും നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മുരുകൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്‌പെക്ടർ എസക്കിരാജ ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.