Tue. May 7th, 2024

ഇന്ത്യക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയമാണ് കുറിച്ചത്. ഇരു ടീമുകൾക്കും ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹെതർ നൈറ്റിൻ്റെയും ( 53 നോട്ടൗട്ട്) നതാലി സിവറിൻ്റെയും (45) ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വെറും നാല് താരങ്ങളാണ് ഇരട്ടയക്കം കടന്നത്. ഇതിൽ സ്മൃതി മന്ദന (35) ടോപ്പ് സ്കോററായപ്പോൾ റിച്ച ഘോഷ് (33) ഝുലൻ ഗോസ്വാമി (20) എന്നിവരും തിളങ്ങി.

ഹർമൻപ്രീത് കൗർ 16 റൺസെടുത്തു. യസ്തിക ഭാട്ടിയ (8), മിതാലി രാജ് (1), ദീപ്തി ശർമ്മ (0), സ്നേഹ് റാണ (0), പൂജ വസ്ട്രാക്കർ (6) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യ 134 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി ഷാർലറ്റ് ഡീൻ 4 വിക്കറ്റ് വീഴ്ത്തി. ദീപ്തിയെയും നന്നായി ബാറ്റ് ചെയ്തിരുന്ന റിച്ചയെയും നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കിയ ഇംഗ്ലണ്ട് ഫീൽഡിലും മികച്ചുനിന്നു.

മറുപടി ബാറ്റിംഗിൽ തമി ബ്യൂമൊണ്ട് (1), ഡാനിയൽ വ്യാട്ട് (1) എന്നിവർ വേഗം മടങ്ങിയപ്പോൾ മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഝെതർ നൈറ്റും നതാലി സിവറും ചേർന്ന 65 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ സിവർ (46 പന്തിൽ 45 റൺസ്) 17ആം ഓവറിൽ പുറത്തായെങ്കിലും ഹെതർ ഉറച്ചുനിന്നു. ഏമി ജോൺസ് (10), സോഫിയ ഡങ്ക്‌ലി (17), കാതറിൻ ബ്രണ്ട് (0) എന്നിവരും വേഗം മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി.

എന്നാൽ, ഫിഫ്റ്റിയുമായി ഉറച്ചുനിന്ന നൈറ്റ് ഇന്ത്യക്ക് ജയമൊരുക്കുകയായിരുന്നു. ഇന്ത്യക്കായി മേഘന സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 4 മത്സരങ്ങളിൽ ആദ്യത്തെ മാത്രം ജയമാണ് ഇംഗ്ലണ്ട് ടീം ഇന്ന് സ്വന്തമാക്കിയത്. പോയിൻ്റ് പട്ടികയിൽ അവർ ആറാമതാണ്. ഇന്ത്യ ആവട്ടെ 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.