Sun. May 19th, 2024

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ വീണ്ടും പരാതിയുമായി ഇരയായ സ്ത്രീ. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ രാജ്ഭവൻ ജീവനക്കാരെ ഗവർണർ ഭയപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു.

അന്വേഷണത്തോട് സഹകരിച്ചാൽ ജോലി തെറിപ്പിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ പരാതി നുണയാണെങ്കില്‍ ഇതിന്റെ ആവശ്യമെന്താണ് എന്നും അന്വേഷണത്തെ നേരിടാതെ ഭരണഘടന പരിരക്ഷ തേടേണ്ട കാര്യം എന്താണ് എന്നും പരാതിക്കാരി ഉന്നയിച്ചു.

അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം രാജ്ഭവന്‍ ഇത് നിഷേധിച്ചിരുന്നുവെന്നും ഇതിനുപിന്നാലെയാണ് മൊഴിയെടുക്കലിന് സഹകരിക്കരുതെന്ന നിര്‍ദേശം ഉണ്ടായിരിക്കുന്നതെന്നുമാണ് ആരോപണം.

രാജ്ഭവനില്‍ വെച്ച് സംഭവം നടന്നതിനാൽ സിസി ടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും വളരെ നിർണായകമാണ്. കൊല്‍ക്കത്ത പോലിസിന്റെ കീഴില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

എട്ടംഗ പ്രത്യേക സംഘത്തെ ബംഗാൾ സർക്കാറാണ് നിയോഗിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹരിക്കേണ്ടെന്ന് ഗവർണർ കത്ത് മുഖേന നിർദേശം നൽകിയത്.

പോലീസിന്റെയും ബംഗാള്‍ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെയും രാജ്ഭവൻ പ്രവേശനം വിലക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ നടത്തിയ പ്രസ്താവനകള്‍ അപകീര്‍ത്തികരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഗവര്‍ണര്‍ നിര്‍ദേശ ഉത്തരവില്‍ പറയുന്നുണ്ട്.