പോത്തൻകോട്:
കെ- റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി പിൻവശത്തെ മതിൽ ചാടിയെത്തിയ കരാർ ജീവനക്കാരൻ വിനോദിനെ അവിടെ കൂടിയിരുന്ന സ്ത്രീകൾ തടി കഷണങ്ങളുമായി പുരയിടത്തിൽ അങ്ങോളമിങ്ങോളം ഓടിച്ചു. മുരുക്കുംപുഴയിൽ ഫ്രാങ്ക്ളിൻ പെരേരയുടെ വസ്തുവിനുള്ളിലായിരുന്നു സംഭവം. മുൻവശത്തെ ഗേറ്റ് തുറന്നു കിടക്കവേ വിനോദ് പിൻവശത്തെ മതിൽ ചാടിക്കടക്കുകയും ചില ആംഗ്യ വിക്ഷേപങ്ങൾ കാണിച്ചതുമാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. ഈ സമയത്ത് പൊലീസും ഉണ്ടായിരുന്നില്ല.
മറ്റുള്ളവർ പിടിച്ചു മാറ്റിയതിനാൽ അടി കൊള്ളാതെ ജീവനക്കാരൻ രക്ഷപ്പെട്ടു. പിന്നീട് പൊലീസുമായെത്തി കല്ലിടാൻ ശ്രമിക്കവേ കഴിഞ്ഞ ദിവസം സിപിഎമ്മാണ് ജോലി നൽകിയതെന്നും കോൺഗ്രസ് കുത്തിത്തിരുപ്പുണ്ടാക്കുന്നുവെന്നും പറഞ്ഞ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച വനിതാ സിപിഒ കെ ലീജയെ സ്ഥലത്തു നിന്നും മാറ്റണമെന്നും അതിനുശേഷം കല്ലിട്ടാൽ മതിയെന്നും സമരക്കാർ ആവശ്യപ്പെട്ടു. കല്ലിടൽ തടസ്സപ്പെട്ടതോടെ എസ്എച്ച്ഒ എച്ച് എൽ സജീഷിന്റെ നിർദേശപ്രകാരം ലീജയെ സ്ഥലത്തു നിന്നും മാറ്റി.
മുരുക്കുംപുഴ തോപ്പുംമുക്ക് സന മൻസിലിൽ നസീറ (55) വീട്ടുമുറ്റത്തു ഉദ്യോഗസ്ഥർ കല്ലിടുന്നതു കണ്ട് കുഴഞ്ഞുവീണു. സമീപത്തുള്ള ഡോക്ടർ എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി. രണ്ടു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീടിനു മുന്നിലാണ് കല്ലിട്ടത്. വീട് പൂർണമായി നഷ്ടപ്പെടും.
റെയിൽവെയുടെ സ്ഥലത്ത് ഉദ്യോഗസ്ഥർ കുറ്റി നാട്ടിയത് കണ്ട് സമീപമുണ്ടായിരുന്ന റെയിൽവെ ഉദ്യോഗസ്ഥർ വിവരം ആരാഞ്ഞെത്തിയത് പൊലീസുമായുള്ള വാക്കേറ്റത്തിനു കാരണമായി. അവർ ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയതായാണ് വിവരം. തോപ്പുംമുക്ക് പുത്തൻകോവിലിനു സമീപം മണക്കാട്ടുവിളാകം വീട്ടിൽ ആരതിയുടെ അച്ഛൻ ഗോപാലകൃഷ്ണനും പൊലീസുമായുള്ള വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു.
കല്ലിടാനെത്തിയ ജീവനക്കാരൻ തന്നെ ഹിന്ദിയിൽ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായതെന്ന് വിമുക്ത ഭടൻ കൂടിയായ ഗോപാലകൃഷ്ണൻ പറഞ്ഞു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി കരിങ്കൊടിയും പിടിച്ചാണ് സമരക്കാർ ഇന്നലെ മുദ്രാവാക്യങ്ങൾ മുഴക്കി ഉദ്യോഗസ്ഥരെ പിന്തുടർന്നത്. മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കുകയാണെന്നും സ്വസ്ഥമായി കഴിഞ്ഞിരുന്ന കുടുംബങ്ങളെ വേർ പിരിക്കുകയാണെന്നും വീട്ടുകാർ പറഞ്ഞു. ഇനി വോട്ടു ചോദിക്കാനായി വരുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാരെ കാത്തിരിക്കുകയാണെന്നും സമരക്കാർ പറഞ്ഞു.