Wed. Nov 6th, 2024
കടുത്തുരുത്തി:

മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിൽ പരുന്തിന്റെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം 2 കുട്ടികളുടെ ചെവിക്കും കണ്ണിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇന്നലെ പുത്തൻ കുളങ്ങരയിൽ അനഘ ഷാജിക്ക് ( 21) പരുക്കേറ്റു.

കാര്യമായ പരുക്കേൽക്കാതെ അനഘ രക്ഷപ്പെട്ടു.  കാരിക്കോട് വായനശാലയ്ക്കു സമീപവും പരിസര പ്രദേശങ്ങളിലുമാണു പരുന്തിന്റെ ഭീഷണി. മരശിഖരങ്ങളിലും വീടുകളുടെ മേൽക്കൂരകളിലുമാണു താവളം.

ആളുകൾ പുറത്തിറങ്ങിയാൽ പരുന്ത് പാഞ്ഞെത്തി തലയിലും കണ്ണിലും കാതിലുമൊക്കെ കുത്തുകയും നഖങ്ങൾ ഉപയോഗിച്ച് ആഴത്തിൽ ആക്രമിക്കുകയുമാണ്. കാരിക്കോട് പുത്തൻ കുളങ്ങരയിൽ റെയ്നിയുടെ മകൻ ആൽബറെ (7), പുത്തൻ കുളങ്ങര ജയിനിന്റെ മകൾ ജസ്ന ജയിൻ (14) എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്.
ആൽബറെയുടെ ചെവി പരുന്ത് കടിച്ചു മുറിക്കുകയായിരുന്നു.

ജസ്നയുടെ കണ്ണിലാണ് പരുന്തു കൊത്തിയത്.പേടിച്ച് ആളുകൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പലരും തലയിൽ ഹെൽമറ്റ് വച്ചാണ് പുറത്തിറങ്ങുന്നത്.

പരുന്തിനെ പേടിച്ച് കുട്ടികളെ മാതാപിതാക്കൾ വാഹനങ്ങളിലാണ് സ്കൂളിലേക്ക് വിടുന്നത്. ഭക്ഷണം ലഭിക്കാത്തതു മൂലമാണ് പരുന്ത് ആളുകളെ ആക്രമിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.