Tue. Sep 2nd, 2025
കാസർകോട്:

ബോവിക്കാനം മൂളിയാറിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് യുവാക്കൾക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശപ്രകാരം പ്രതിമാസ പെൻഷനും മറ്റ് ആനുകൂല്യവും നൽകിവരുന്നുണ്ടെന്ന് ജില്ല കലക്ടർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പെൻഷന് പുറമേ സൗജന്യ ചികിത്സയും യാത്രപ്പടിയും സൗജന്യ റേഷനും വൈദ്യുതിനിരക്കിൽ ഇളവും നൽകിവരുന്നതായും കലക്ടർ അറിയിച്ചു. മൂളിയാറിൽ താമസിക്കുന്ന യുവാക്കൾക്ക് എൻഡോസൾഫാൻ സഹായം നൽകണമെന്ന കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

പ്രഫ എം എ റഹ്മാൻ സംവിധാനം ചെയ്ത് യു ട്യൂബിൽ സംപ്രേഷണം ചെയ്ത എ പാരഡൈസ് ഫോർ ഡൈയിങ് എന്ന ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ല കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. പൂർണമായും കിടപ്പിലായവർ, മാനസിക വൈകല്യം നേരിടുന്നവർ, ശാരീരിക വൈകല്യം നേരിടുന്നവർ, രോഗികൾ, മറ്റ് വിഭാഗത്തിൽപെട്ടവർ എന്നിങ്ങനെ എൻഡോസൾഫാൻ ബാധിതരെ അഞ്ചായി തരംതിരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.