Mon. Dec 23rd, 2024

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ മമ്മൂട്ടി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ‘ദി ന്യൂസ് മിനുട്ടിന്’ നൽകിയ അഭിമുഖത്തിൽ മലയാളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഭാവന അറിയിച്ചിരുന്നു. 2022 മേയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ റൊമാന്റിക് ഡ്രാമ സ്വഭാവത്തിലുള്ളതാണ്.

കന്നഡ ചിത്രം ബജ്‌റംഗി സെക്കന്‍ഡ് ആണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 96 കന്നഡ റീമേക്കിലും ഭാവനയായിരുന്നു നായിക. മലയാളത്തില്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്.