Tue. Nov 5th, 2024
കൊച്ചി:

ഒരോ മഴക്കാലവും കൊടുങ്കാറ്റും ചെല്ലാനംകാരുടെ മനസിൽ വിതയ്ക്കുന്നത് ഭീതിയാണ്. അലച്ച് തല്ലിയെത്തുന്ന തിരമാലകൾ തീരത്തെ വീടുകൾ എടുത്ത് കൊണ്ടുപോകുന്നത് പതിവ്. ഇതിനൊരു പരിഹാരം തേടി കടൽഭിത്തിയ്ക്കായുള്ള ചെല്ലാനം നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സമരം ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നു.

പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിച്ചു. കരിങ്കല്ലിന് പകരം ടെട്രാപോഡുകൾ ഉപയോഗിച്ചാണ് കടൽഭിത്തി കെട്ടുന്നത്. 254 കോടി രൂപ ചെലവിട്ടാണ് നിർമാണം.

ചെല്ലാനം ഹാര്‍ബർ മുതൽ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ കടലോരത്താണ് ആദ്യഘട്ട നിർമാണം. മുംബൈ മറൈന്‍ ഡ്രൈവ്, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ സ്ഥപിച്ചിരിക്കുന്ന ടെട്രാപോഡുകള്‍ ഉപയോഗിച്ചാണ് കടൽഭിത്തി കെട്ടുന്നത്. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലാണ് ടെട്രോപോഡുകൾ സ്ഥാപിക്കുന്നത്.

2.5 ടണ്‍, 3.5 ടൺ ഭാരമുള്ളവയാണ് ടെട്രാപോഡുകൾ. അതുകൊണ്ട് ഇവയ്ക്ക് ശക്തമായ കടലേറ്റത്തെ ചെറുക്കാനാകും. ചെല്ലാനം ഹാര്‍ബർ ഭാഗത്താണ് ടെട്രോപോഡുകളുടെ നിര്‍മാണം.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിനാണ് നിർമാണ ചുമതല. നാലായിരത്തിലധികം ടെട്രോപോഡുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. മഴയെത്തുന്നതിന് മുമ്പ് കടലേറ്റം ശക്തമായ മേഖലയിൽ കടൽഭിത്തി നിർമാണം പൂ‍ർത്തിയാക്കുകയാണ് ലക്ഷ്യം. ടെട്രാപോഡുകള്‍ ഉപയോഗിച്ച് ഭിത്തി കെട്ടുന്നതിനാൽ സുരക്ഷിതത്വത്തിനൊപ്പം ഭാവിയിൽ മേഖലയിൽ ടൂറിസം സാധ്യതയും ഉയരുമെന്നാണ് പ്രതീക്ഷ.