Wed. Jan 22nd, 2025
കഴക്കൂട്ടം:

കഠിനംകുളം കായൽപ്രദേശത്ത്‌ കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത്  മെമ്പർ എൻ സജയൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ  എസ് ജയചന്ദ്രൻ നായർ, പി ശ്രീധരൻ, എ അജയകുമാർ എന്നിവർ ചേർന്ന്‌ പദ്ധതിക്ക്‌ തുടക്കംകുറിച്ചു. കഠിനംകുളം ഭാഗത്ത് കണ്ടൽ ചെടികൾ ധാരാളമായി കണ്ടുവന്നതിനാലാണ്‌ തീരസംരക്ഷണത്തിന്‌ ഇവ നട്ടുപിടിപ്പിക്കാം എന്ന ആശയത്തിലേക്ക്‌  ഒരുകൂട്ടം പ്രകൃതിസ്നേഹികൾ എത്തിയത്‌.

സംസ്ഥാന ജൈവവൈവിധ്യ ബോർഡും കഠിനംകുളം പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയും പ്രദേശത്തെ സസ്യ, ജീവജാലങ്ങളെക്കുറിച്ചും മത്സ്യസമ്പത്തിനെക്കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിനിടെയാണ് കണ്ടൽ കാടുകളുടെ ആവാസവ്യവസ്ഥ ശ്രദ്ധയിൽപ്പെടുന്നത്‌. ഏഴുവർഷം മുമ്പ്  ആയിരത്തോളം കണ്ടൽ ചെടികളുടെ തൈകൾ ഇവിടെ നട്ടിരുന്നു. കഠിനംകുളത്തെ നാലുവാർഡ്‌ കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം 900 തൈകൾ നട്ടുപിടിപ്പിച്ചു.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) എന്ന സ്ഥാപനത്തിൽനിന്നാണ് വിത്തുകളും തൈകളും ശേഖരിച്ചത്. ഇപ്പോൾ എട്ട്‌ കിലോമീറ്ററോളം ദൂരത്തിൽ കണ്ടൽക്കാടുകൾ തഴച്ചുവളരുന്നുണ്ട്.
ചില്ലക്കണ്ടൽ, ഉപ്പൂട്ടിക്കണ്ടൽ, ബ്രാന്തൻ കണ്ടൽ, തീക്കണ്ടൽ, പേനക്കണ്ടൽ, നക്ഷത്രക്കണ്ടൽ, ചുറ്റിക്കണ്ടൽ, ചുള്ളിക്കണ്ടൽ തുടങ്ങിയവയാണ് വിവിധയിനം കണ്ടലുകൾ. മാൻഗ്രോവ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന കണ്ടൽക്കാടുൾക്കിടയിൽ വിവിധ ഔഷധ ചെടികളും കാണപ്പെടുന്നുണ്ട്. ശംഖുകുപ്പി, കണ്ണപ്പ, ബ്രഹ്മി, കുടങ്ങൽ, കൈതോന്നി എന്നിവയാണ് അവയിൽ ചിലത്‌.