തളിപ്പറമ്പ്:
കുറുമാത്തൂർ മുയ്യം യുപി സ്കൂളിലെ പാചകപ്പുരയിൽ പാചകവാതക സിലിണ്ടർ ചോർന്നതു പരിഭ്രാന്തി പരത്തി. അധ്യാപകർ ഉടൻ തന്നെ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ ഗ്രൗണ്ടിലേക്കു മാറ്റി. സംഭവം അറിഞ്ഞ് അയൽവാസിയായ യുവാവ് ഓടിയെത്തി സിലിണ്ടർ ലീക്ക് പരിഹരിച്ചു.
മുയ്യം യുപി സ്കൂളിനു സമീപം താമസിക്കുന്ന പി വി രാജനാണ് സ്കൂളിന്റെ രക്ഷകനായത്. ഇന്നലെ ഉച്ചക്ക് 2.30നു വിദ്യാർത്ഥികൾക്കു പാലും മുട്ടയും നൽകാനുള്ള തയാറെടുപ്പിനിടയിലാണ് 3 ദിവസം മുൻപ് എത്തിച്ച സിലിണ്ടർ ചോർന്നു പാചക വാതകം ശക്തിയോടെ പുറത്തേക്കു വന്നു തുടങ്ങിയത്. പാചകപ്പുരയിൽ ഉള്ളവർ ഉടൻ തന്നെ അധ്യാപകരെ വിവരമറിയിച്ചു.
അധ്യാപകർ ക്ലാസ് മുറികളിൽ നിന്നു വിദ്യാർത്ഥികളെ തുറസ്സായ സ്കൂൾ ഗ്രൗണ്ടിലേക്കു മാറ്റി. അധ്യാപകരുടെ നിർദേശ പ്രകാരം നാട്ടുകാർ ഇടപെട്ട് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു. അപ്പോഴും സിലിണ്ടറിൽ നിന്നു വാതകം പുറത്തു വന്നുകൊണ്ടിരിക്കുകയായിരുന്നു.
ബഹളം കേട്ട് രാജൻ ഓടിയെത്തി നനഞ്ഞ ചാക്ക് ഉപയോഗിച്ച് സിലിണ്ടർ മൂടിയ ശേഷം റഗുലേറ്റർ ശരിയാക്കി ചോർച്ച പരിഹരിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷം പുറപ്പെടാൻ തയാറായി എങ്കിലും അപ്പോഴേക്കും രാജൻ പ്രശ്നം പരിഹരിച്ചിരുന്നു. സിപിഎം പ്രവർത്തകനായ രാജൻ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ ക്ലാസിൽ നിന്നാണു പാചകവാതക സിലിണ്ടറിന്റെ ചോർച്ച അടയ്ക്കുന്ന വിധം മനസ്സിലാക്കിയത്.
മുൻപ് മുയ്യത്ത് ഒരു വീട്ടിൽ ഇത്തരത്തിൽ സംഭവം ഉണ്ടായപ്പോൾ എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ ഇതിനെക്കുറിച്ചു വിശദീകരിക്കുന്നതും കേട്ടിരുന്നു. കേബിൾ ഓപ്പറേറ്റർ ജോലിക്കൊപ്പം പച്ചക്കറി കൃഷിയും ചെയ്യുന്ന രാജൻ മുയ്യം ദയ സ്വാശ്രയ സംഘം സെക്രട്ടറിയുമാണ്. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ രാജനെ നാട്ടുകാർ അഭിനന്ദിച്ചു.