പത്തനാപുരം:
മോഷണം പോയ മാലയ്ക്ക് പകരം സുഭദ്രയ്ക്ക് സ്വർണവളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി ആദരിക്കാൻ നാട്. പട്ടാഴി ക്ഷേത്രത്തിലെ നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭാരവാഹികൾ. മാല മോഷണം പോയ സംഭവത്തിൽ കുന്നിക്കോട് പൊലീസും അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസമാണ് സംഭവം.
ഉത്സവദിവസം പട്ടാഴി ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്ര(67)യുടെ രണ്ട് പവൻ തൂക്കമുള്ള സ്വർണമാല മോഷണം പോയി. ക്ഷേത്ര പരിസരത്തു കരഞ്ഞു നിലവിളിച്ച സുഭദ്രയ്ക്ക് ഇത് കണ്ടു നിന്ന സ്ത്രീ തന്റെ രണ്ടു പവൻ തൂക്കമുള്ള സ്വർണവളകൾ നൽകുകയായിരുന്നു. വളകൾ നൽകിയ സ്ത്രീയെ കണ്ടെത്താൻ പിന്നീട് ക്ഷേത്ര ഭാരവാഹികൾക്കും കഴിഞ്ഞില്ല.
സുഭദ്ര പറയുന്നത് പോലെ കറുത്ത കണ്ണട ധരിച്ച സ്ത്രീ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. കാഴ്ചയ്ക്ക് കുറവ് ഉണ്ടെന്ന് തോന്നിക്കുന്ന സ്ത്രീ മറ്റൊരു സ്ത്രീയുടെ സഹായത്തിലാണ് സുഭദ്രയ്ക്ക് അരികിലേക്ക് എത്തുന്നതും. ഇന്നലെ മൈലത്തെ വീട്ടിൽ എത്തി പട്ടാഴി ദേവീ ക്ഷേത്ര ഭാരവാഹികൾ ക്യാമറ ദൃശ്യങ്ങൾ സുഭദ്രയെ കാണിച്ച് ഉറപ്പു വരുത്തി. ഉപദേശക സമിതി ഭാരവാഹികളായ രഞ്ജിത് ബാബു, ആർ വിജയരാജൻപിള്ള, മധുസൂദനൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്.