Thu. Dec 12th, 2024
പനമരം:

വേനൽ കനത്ത് നെൽക്കൃഷിയിടം അടക്കം ഉണങ്ങി വീണ്ടുകീറുമ്പോഴും ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകൾ നോക്കുകുത്തികളാകുന്നു. ഇത്തരം തടയണകൾ ഏറെയും ഉപകാരപ്പെടുന്നില്ലെന്നു മാത്രമല്ല ചിലയിടത്തെങ്കിലും ഉപദ്രവമായി മാറുകയുമാണ്. ചെക്ഡാമിൽ വന്നടിയുന്ന മരങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാൻ നടപടിയില്ലാത്തതിനാൽ കൃഷിയിടം ഇടിഞ്ഞു നശിക്കുന്നതിനും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.

കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും വരൾച്ചയെ പ്രതിരോധിക്കുന്നതിനുമാണ് പുഴകളിൽ വർഷങ്ങൾക്ക് മുൻപു തടയണകൾ നിർമിച്ചത്. ഡാമുകൾ നിർമിച്ചതല്ലാതെ വെളളം തടയുന്നതിനോ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനോ നടപടിയുണ്ടാകുന്നില്ല. 20 വർഷം മുൻപു ചീക്കല്ലൂർ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ചെറിയപുഴയിൽ നാടുകാണി കോളനിയോടു ചേർന്ന് 65 ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് നിർമിച്ച തടയണ ഇതിനൊരു ഉദാഹരണമാണ്.

വിവിധ പാടശേഖരങ്ങളിലായി 200 ഏക്കർ പാടത്ത് ഇരുപ്പൂ കൃഷി നടത്തുന്നതിനാണു ഈ തടയണ നിർമിച്ചത്. പക്ഷേ, കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാനായിട്ടില്ല. നിലവിലുള്ള തടയണ നന്നാക്കി ലിഫ്റ്റ് ഇറിഗേഷൻ പോലുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.